അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കുള്ള മരുന്നുകള്‍ സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ വഴി ലഭ്യമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

കാന്‍സര്‍ മരുന്നുകള്‍ വിലകുറച്ച് നല്‍കാനായി 2024ല്‍ ആരംഭിച്ച കാരുണ്യ സ്പര്‍ശം സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍വഴി അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കുള്ള മരുന്നുകള്‍ വിലകുറച്ച് നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. മരണാനന്തര അവയവദാനം ചെയ്യുന്ന കുടുംബങ്ങളെ ആദരിക്കാനുള്ള ഉത്തരവ് വൈകാതെ പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ മരണാനന്തര അവയവ ദാതാക്കളെ അനുസ്മരിക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
അവയവദാനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിനാണ് കെ സോട്ടോ രൂപീകരിച്ചതെന്നും ഇതുവരെ 389 മരണാനന്തര അവയവദാനം കേരളത്തില്‍ നടന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതേതുടര്‍ന്ന് 1120 പേര്‍ക്ക് പുതിയ ജീവിതം ലഭിച്ചു. അവയവം മാറ്റിവെച്ചാല്‍ മാത്രം ജീവന്‍ നിലനിര്‍ത്താന്‍ കഴിയുന്ന 2801 രോഗികള്‍ കേരളത്തിലുണ്ട്.കോടതി വ്യവഹാരങ്ങള്‍ കാരണം അവയവദാനം സര്‍ട്ടിഫൈ ചെയ്യുന്നതിന് ഡോക്ടര്‍മാര്‍ മടിക്കുന്നതിനാല്‍ കോടതികള്‍ അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് വലിയ പിന്തുണ നല്‍കി. എറണാകുളം സെന്റ് തെരേസസ് കോളേജിലെ 1000ത്തോളം വിദ്യാര്‍ത്ഥികള്‍ അവയവദാന രജിസ്‌ട്രേഷന്‍ ചെയ്തത് മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാതൃകയാണെന്നും ജീവിച്ചിരിക്കുന്നവര്‍ തമ്മിലുള്ള അവയവദാനത്തേക്കാള്‍ കൂടുതല്‍ മരണാനന്തര അവയവദാനം സമൂഹത്തില്‍ വര്‍ദ്ധിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി.
ജര്‍മനിയില്‍ നടക്കുന്ന വേള്‍ഡ് ട്രാന്‍സ്പ്ലാന്റ് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കേരളത്തില്‍ നിന്ന് പങ്കെടുക്കുന്ന മിഥുന്‍ അശോക് (വൃക്ക മാറ്റിവയ്ക്കല്‍), എസ്. സുജിത്ത് (കരള്‍ മാറ്റിവയ്ക്കല്‍) എന്നിവര്‍ക്ക് വിജയാശംസകളും മന്ത്രി നേര്‍ന്നു. അവയവദാന മേഖലയില്‍ സംഭാവനകള്‍ നല്‍കിയ വ്യക്തികളെ ആദരിക്കുകയും സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണവും ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.രാജന്‍.എന്‍ ഖോബ്രഗഡെനിര്‍വഹിച്ചു.
ആന്റണി രാജു എം.എല്‍.എ., മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ.വിശ്വനാഥന്‍, കെ സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, കൗണ്‍സില്‍ രാഖി രവികുമാര്‍, ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, സ്‌റ്റേറ്റ് മാസ് മീഡിയ ഓഫീസര്‍ ഡോമി ജെ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് റീജിയണല്‍ ഡയറക്ടര്‍ ഡോ. ഹരിതാ വി.എല്‍. എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha