മോഷണക്കേസില്‍ ആളുമാറി കസ്റ്റഡിയിലെടുത്തു

മോഷണക്കേസില്‍ ആളുമാറി കസ്റ്റഡിയിലെടുത്ത് യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചതില്‍ കര്‍ശന അന്വേഷണത്തിന് എസ്പി ഉത്തരവിട്ടിട്ടും നടപടിയായില്ല. ചെയ്യാത്ത കുറ്റത്തിന് പൊലീസിന്റെ ക്രൂരമര്‍ദനം ഏല്‍ക്കേണ്ടിവന്ന അമല്‍ ആന്റണി (35) എന്ന യുവാവ് ആശുപത്രിയില്‍ പ്രവേശിച്ച് പ്രാഥമിക ചികിത്സ തേടിയ ശേഷമാണ് മുഖ്യമന്ത്രിക്കും റൂറല്‍ ജില്ല പൊലീസ് മേധാവിക്കും പൊലീസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റിക്കും പരാതി നല്‍കിയത്. പരാതി അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ എസ്പി മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ അന്വേഷണത്തില്‍ തുടര്‍നടപടികളൊന്നും ഉണ്ടായിട്ടില്ല എന്നാണ് വിവരം.
മൂവാറ്റുപുഴ പെരുമ്പല്ലൂര്‍ മടത്തിക്കുടിയില്‍ അമലിനാണ് കസ്റ്റഡി മര്‍ദനത്തില്‍ നട്ടെല്ലിനും കഴുത്തിനും ഗുരുതരമായി പരുക്കേറ്റത്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ആദ്യം ചികിത്സ തേടിയെങ്കിലും കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കിടപ്പിലായ അമല്‍ ഇപ്പോള്‍ താല്‍ക്കാലികമായി ആയുര്‍വേദ തിരുമ്മല്‍ ചികിത്സ തേടിയിരിക്കുകയാണ്.
15 വര്‍ഷമായി ഇലക്ട്രിക്കല്‍ ജോലി ചെയ്ത് കുടുംബം പോറ്റുന്നയാളാണ് അമല്‍. എന്നാല്‍ ഈ മാസം 12ന് ഉച്ചയോടെ വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ നാലംഗ പൊലീസ് സംഘം എത്തി അമലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബാറ്ററി വിറ്റോ എന്നായിരുന്നു പൊലീസിന്റെ ആദ്യ ചോദ്യം. വിറ്റു എന്നു പറഞ്ഞപ്പോള്‍ എവിടെ നിന്ന് മോഷ്ടിച്ചതാണെന്നായി അടുത്ത ചോദ്യം. തന്റെ വീട്ടിലെ പഴയ ബാറ്ററിയാണ് വിറ്റതെന്ന് പറഞ്ഞിട്ടും കേള്‍ക്കാന്‍ പോലും കൂട്ടാക്കാതെ അമ്മയുടെയും ഭാര്യയുടെയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും മുന്നിലിട്ട് മര്‍ദിച്ചു. തുടര്‍ന്ന് പൊലീസ് ജീപ്പിലേക്ക് വലിച്ചിഴച്ചു കയറ്റുകയായിരുന്നു എന്ന് അമല്‍ റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ജീപ്പില്‍ വച്ച് ഒരാള്‍ രണ്ടു കൈയും കൂട്ടിപ്പിടിക്കുകയും മറ്റൊരാള്‍ മുട്ടുകൊണ്ട് പുറത്ത് പലവട്ടം ഇടിച്ചെന്നും പരാതിയില്‍ പറയുന്നു. പെരുമ്പല്ലൂര്‍ മുതല്‍ മൂവാറ്റുപുഴ സ്‌റ്റേഷനില്‍ എത്തുന്നതു വരെ പൊലീസ് വാഹനത്തിലിട്ടും പിന്നീട് സ്‌റ്റേഷനില്‍ കൊണ്ടുപോയി സെല്ലിലിട്ടും മര്‍ദിച്ചതാണ് നട്ടെല്ലിനും കഴുത്തിനും ഗുരുതര പരുക്കേല്‍ക്കാന്‍ കാരണമെന്ന് അമല്‍ പറയുന്നു.
നഗരത്തിലെ ഒരു കടയില്‍ നിന്ന് ബാറ്ററി മോഷണം പോയെന്ന പരാതിയിലാണ് അമലിനെ പിടികൂടി ക്രൂരമായി മര്‍ദിച്ചത്. എന്നാല്‍ പ്രാഥമികാന്വേഷണം പോലും നടത്താതെയായിരുന്നു പൊലീസിന്റെ നടപടി എന്ന് പിന്നീട് മനസ്സിലായി. കടയുടെ സിസി ടിവി ദൃശ്യത്തില്‍ ഒരാള്‍ ബാറ്ററിയുമായി പോകുന്നത് കണ്ടതും മറ്റൊരു കടയില്‍ ബാറ്ററി വിറ്റു എന്ന വിവരം ലഭിച്ചതിന്റെയും അടിസ്ഥാനത്തില്‍ പൊലീസ് അമലിനെ തേടിയെത്തുകയായിരുന്നു. തുടര്‍ന്നായിരുന്നു കസ്റ്റഡിയും ക്രൂരമര്‍ദനവും. എന്നാല്‍ 2 വര്‍ഷം മാത്രം പഴക്കമുള്ള ബാറ്ററിയാണ് മോഷണം പോയതെന്ന് പൊലീസിന് പിന്നീടാണ് മനസ്സിലായത്. വിറ്റ ബാറ്ററിയാകട്ടെ 10 വര്‍ഷം പഴക്കമുള്ളതും. ഇതോടെ ആളുമാറിയാണ് മര്‍ദിച്ചതെന്ന് മനസ്സിലാക്കി പൊലീസ് അമലിനെ വീട്ടില്‍ പറഞ്ഞു വിടുകയായിരുന്നു.
https://www.facebook.com/Malayalivartha