വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ മധുരാ റാലിയില്‍ വന്‍ ജനപ്രവാഹം

നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) സമ്മേളനം മധുരയില്‍ വെച്ച് നടന്നു. വ്യാഴാഴ്ച മധുര സാക്ഷിയായത് പാര്‍ട്ടിയുടെ ഇതുവരെയുള്ള ഏറ്റവും വലിയ ശക്തി പ്രകടനമായിരുന്നു. വിജയ്‌യുടെ ലക്ഷകണക്കിന് അനുയായികളാണ് പരിപാടിയില്‍ പങ്കെടുത്തത്.
2026 ലെ തമിഴ്‌നാട് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്‍ വിജയ് തന്റെ ലക്ഷക്കണക്കിന് ആരാധകരെ ആകര്‍ഷിക്കുന്ന തരത്തിലാണ് തമിഴക വെട്രി കഴകത്തിന്റെ രണ്ടാം സംസ്ഥാന സമ്മേളനംസംഘടിപ്പിച്ചത്. മധുരയില്‍ സംഘടിപ്പിച്ച പാര്‍ട്ടി റാലിയില്‍ പങ്കെടുത്ത ആരാധകര്‍ സിനിമാ സമാനമായ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. മധുരതൂത്തുക്കുടി ദേശീയപാതയില്‍ എലിയാര്‍പതി ടോള്‍ ബൂത്തിന് സമീപം 500 ഏക്കര്‍ വിസ്തൃതിയിലുളള മൈതാനത്ത് ഒരുക്കിയ പ്രത്യേകവേദിയിലാണ് സമ്മേളനം നടന്നത്.
വേദിയുടെ മധ്യത്തിലൂടെ നിര്‍മിച്ച 300 മീറ്റര്‍ നീളമുള്ള റാമ്പിലൂടെ നടന്നാണ് വിജയ് തന്റെ അനുയായികളെ അഭിസംബോധന ചെയ്തു. വിജയ്‌യോടുള്ള അമിതാരാധനയോടെ മുന്നോട്ട് കുതിച്ചെത്തുന്ന അണികളെ തടയാന്‍ റാമ്പിന്റെ ഇരുവശത്തും നിലയുറപ്പിച്ച നൂറുകണക്കിന് ബൗണ്‍സര്‍മാര്‍ പണിപ്പെടുകയായിരുന്നു. തന്നെക്കാണാന്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് അനുയായികളെയും ആരാധകരെയും കൈവീശി കാണിച്ചുകൊണ്ട് വിജയ് അണികളെ അഭിവാദ്യം ചെയ്തു.
തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) രണ്ടാം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബുധനാഴ്ച രാത്രി വൈകിയാണ് വിജയ് മധുരയില്‍ എത്തിയത്. ആരാധകരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ആവേശകരമായ സ്വീകരണത്തോടെയാണ് അദ്ദേഹം വേദിയിലേക്ക് എത്തിയത്. വേദിയില്‍ പ്രത്യേക ഗാനം ആലപിച്ചപ്പോള്‍, പാര്‍ട്ടി പ്രസിഡന്റും നടനുമായ വിജയ് സിനിമയെ വെല്ലുന്ന ഗരിമയോടെ നീണ്ട റാമ്പിലൂടെ നടന്ന് തമിഴ് മക്കളെ അഭിവാദ്യം ചെയ്തു. ഒന്നര ലക്ഷത്തോളം പേരെ അണിനിരത്തി നടത്തിയ സമ്മേളനം വലിയ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ആരംഭിച്ചത്.
രണ്ടാം സംസ്ഥാന സമ്മേളനത്തില്‍ അതിഥികളായി വിജയുടെ അച്ഛന്‍ എസ്.എ. ചന്ദ്രശേഖറും അമ്മ ശോഭയും വേദിയിലെത്തിയിരുന്നു. ടിവികെയുടെ പ്രത്യയശാസ്ത്ര നേതാക്കളുടെ ഛായാചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം, വിജയ് പാര്‍ട്ടി പതാക ഉയര്‍ത്തി, വേദിയില്‍ തമിഴക വെട്രി കഴകത്തിന്റെ എല്ലാ പാര്‍ട്ടി നേതാക്കളും പാര്‍ട്ടി പ്രതിജ്ഞയെടുത്തു. അടിമുടി നാടകീയവും സിനിമാസ്‌റ്റൈലിലുമായിരുന്നു വിജയ്‌യുടെ പ്രസംഗം.
അണികളെ സിംഹക്കുട്ടികള്‍ എന്നു വിശേഷിപ്പിച്ച് പ്രസംഗം തുടങ്ങിയ വിജയ് താനൊരു അപ്രതീക്ഷിത പ്രഖ്യാപനം നടത്താന്‍ പോകുകയാണെന്ന് പറഞ്ഞു. തുടര്‍ന്ന് മധുര ഈസ്റ്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥി താനാണെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ഒരു നിമിഷം നിര്‍ത്തിയ ശേഷം മറ്റ് 9 മണ്ഡലങ്ങളുടെ പേരു പറഞ്ഞ് അവിടെയും താന്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ എല്ലാവരും അമ്പരന്നു. തുടര്‍ന്ന് ടിവികെ ഏതു സീറ്റില്‍ മത്സരിച്ചാലും സ്ഥാനാര്‍ഥി താനാണെന്ന് കരുതി വോട്ടുചെയ്യണമെന്നും വിജയ് പറഞ്ഞു. വിജയ് തന്റെ ലക്ഷക്കണക്കിന് ആരാധകരെ ആകര്‍ഷിക്കാന്‍ തന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ സിനിമാ സമാനമായ രംഗങ്ങള്‍ സൃഷ്ഠിച്ചാണ് ആരാധകരിലേക്ക് എത്തിക്കുന്നത്. രാഷ്ട്രീയപ്രവേശത്തോടെ സിനിമയില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കും എന്നാണ് വിജയ് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവില്‍ തന്റെ അവസാനത്തെ ചിത്രമായ ജനനായകന്റെ പണിപ്പുരയിലാണ് താരം.
https://www.facebook.com/Malayalivartha