സ്വകാര്യ ബസുകളിലെ ടിക്കറ്റ് നിരക്കു കുതിച്ചുയരുകയാണ്

കേരളത്തിലേക്ക് ഒരു മാസം മുന്‍പേ ഓണം സ്‌പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചെങ്കിലും, ഇതൊന്നും സ്വകാര്യ ബസ് നിരക്കിനെ പിടിച്ചുകെട്ടാന്‍ ഉപകാരപ്പെടുന്ന മട്ടില്ല. തിരക്ക് കൂടുതലുള്ള സെപ്റ്റംബര്‍ 3ന് ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് എസി സ്ലീപ്പര്‍ ബസിലെ നിരക്ക് 5000 രൂപയിലെത്തി. തിരുവനന്തപുരത്തേക്ക് 4000–4500 രൂപയും കോഴിക്കോട്ടേക്ക് 2500–3000 രൂപയുമാണ് നിലവിലെ നിരക്ക്. അടുത്ത ആഴ്ചയോടെ നിരക്ക് ഇനിയുമുയരും.
ഇതിനു പരിഹാരമായി തിരക്കേറെയുള്ള സെപ്റ്റംബര്‍ 2നും 3നും കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണു ബെംഗളൂരു മലയാളികള്‍. ബെംഗളൂരുവില്‍ നിന്ന് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന 3 സ്‌പെഷല്‍ ട്രെയിനുകളും തിരുവനന്തപുരത്തേയ്ക്കാണ്. മലബാറിലേക്ക് ഒന്നു പോലും ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല. സേലം, പാലക്കാട് വഴി മംഗളൂരുവിലേക്ക് സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചാല്‍ പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവര്‍ക്കും ഓണയാത്ര സൗകര്യപ്രദമാകും.
ഓണം സ്‌പെഷലായി പുത്തന്‍ ബസുകള്‍
കേരള ആര്‍ടിസിയുടെ പുത്തന്‍ എസി സീറ്റര്‍ കം സ്ലീപ്പര്‍ ബസുകള്‍ ഓണം സ്‌പെഷലായി ഓടിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും റൂട്ടും നിരക്കും സംബന്ധിച്ച തീരുമാനം വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് കരുതുന്നത്. എസി സീറ്റര്‍ കം സ്ലീപ്പര്‍, എസി സീറ്റര്‍, എസി സ്ലീപ്പര്‍ എന്നീ ശ്രേണികളിലായി 3 ബസുകളാണ് കേരള ആര്‍ടിസിക്ക് ലഭിച്ചത്. കൂടുതല്‍ ബസുകള്‍ സെപ്റ്റംബറോടെ എത്തും. ബെംഗളൂരു– തിരുവനന്തപുരം റൂട്ടിലോടുന്ന കാലപഴക്കമേറിയ എസി മള്‍ട്ടി ആക്‌സില്‍ ബസുകള്‍ക്ക് പകരമാണ് സീറ്റര്‍ കം സ്ലീപ്പര്‍ ബസുകള്‍ എത്തുന്നത്. നിലവില്‍ തിരുവനന്തപുരത്തേക്ക് സേലം വഴിയുള്ള എസി സീറ്റര്‍ കം സ്ലീപ്പറും മൈസൂരു വഴിയുള്ള നോണ്‍ എസി സീറ്റര്‍ കം സ്ലീപ്പറും കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റേതാണ്. വേണ്ടത്ര ബസുകള്‍ ഇല്ലാത്തതിനാല്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇവ സര്‍വീസ് നടത്തുന്നത്. ഇതുകൂടാതെ ഗജരാജ മള്‍ട്ടി ആക്‌സില്‍ എസി സ്ലീപ്പര്‍ ബസുകളും സ്വിഫ്റ്റിനുണ്ട്. ഇതില്‍ 2 ബസുകള്‍ നാഗര്‍കോവില്‍ വഴി തിരുവനന്തപുരത്തേക്കും 4എണ്ണം സേലം വഴി എറണാകുളത്തേക്കുമാണ് സര്‍വീസ് നടത്തുന്നത്.
https://www.facebook.com/Malayalivartha