മാധ്യമങ്ങൾക്ക് നേരെ കരി ഓയിൽ ഒഴിച്ചാൽ മാങ്കൂട്ടത്തിലിന്‍റെ മുഖത്ത് വീണ കരി മാഞ്ഞുപോകില്ല'; സി ഷുക്കൂർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗീക പരാതി ഉയർന്നതോടെ മാധ്യമങ്ങൾക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ചില രാഷ്ട്രീയ പ്രവർത്തകർ. മാധ്യമ സ്ഥാപനങ്ങൾ അടിച്ച് തകർക്കുന്നതടക്കമുള്ള അതിക്രമങ്ങളിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കടന്നു. ഇതിനെതിരെ ആഞ്ഞടിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അഡ്വ. സി ഷുക്കൂർ.
മാധ്യമ സ്ഥാപനങ്ങൾക്ക് നേരെയുള്ള അതിക്രമം അത്യന്തം അപകടകരമാണെന്നും അതിക്രമം നടത്തി അവിടെ കേടുപാടുകൾ വരുത്തിയാൽ യൂത്ത് കോൺഗ്രസ്സിന് അതിന്റെ പ്രസിഡന്റ് ഉണ്ടാക്കിയ ചീത്ത പേര് മാഞ്ഞു പോകില്ലെന്നും സി ഷുക്കൂർ ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്‍റെ പൂര്‍ണരൂപം...
അത്യന്തം അപകടകരമായ പരിപാടിയാണ് മാധ്യമ സ്ഥാപനങ്ങൾക്ക് നേരെയുള്ള അതിക്രമം. അതിക്രമം നടത്തി അവിടെ കേടുപാടുകൾ വരുത്തിയാൽ യൂത്ത് കോൺഗ്രസ്സിന് അതിൻ്റെ പ്രസിഡൻ്റ് ഉണ്ടാക്കിയ ചീത്ത പേര് മാഞ്ഞു പോകില്ല. അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികം 2025 ലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ വേട്ട കണ്ടത് ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥയുടെ 21 മാസങ്ങളിൽ ആയിരുന്നു. അതിഭീകരമായ അധികാര വാഴിച. അതിൽ നിന്നൊന്നും യൂത്ത് കോൺഗ്രസ്സും കോൺഗ്രസ്സും പാഠം പഠിച്ചിട്ടില്ലെന്ന് തോന്നുന്നു.
ഒരു ടെലിവിഷൻ ചാനലിൻ്റെ ജില്ലാ ബ്യൂറോ ഉത്തരവാദിത്തപ്പെട്ട യൂത്ത് കോൺഗ്രസ്സ് നേതാക്കൾ പകൽ വെളിച്ചത്തിൽ നിയമവാഴ്ചയെ വെല്ലു വിളിച്ച് കരി ഓയിൽ ഒഴിച്ചത് അതീവഗൗരമായ കാര്യം തന്നെയാണ്. മുഴുവൻ ജനാധിപത്യ വിശ്വാസികളും അപലപിക്കേണ്ട അക്രമം. റിപ്പോർട്ടറിൽ കരി ഓയിൽ ഒഴിച്ചാൽ മാങ്കൂട്ടത്തിലിൻ്റ മുഖത്ത് വീണ കരി മാഞ്ഞു പോകില്ലെന്ന് ആരാണ് ഇവർക്ക് പറഞ്ഞു കൊടുക്കുക എന്നായിരുന്നു കുറിപ്പ്.
അതേ സമയം കഴിഞ്ഞ ദിവസമാണ് കുറിപ്പിന് അടിസ്ഥാനമായുള്ള സംഭവം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിഥുൻ മോഹൻ, ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രൻ, തൃശൂർ അസംബ്ലി പ്രസിഡന്റ് കെ സുമേഷ്, വിൽവട്ടം മണ്ഡലം പ്രസിഡന്റ് സൗരാഗ്, നിഖിൽദേവ്, അമൽ ജയിംസ് എന്നിവരാണ് റിപ്പോർട്ടർ ടിവി തൃശൂർ ബ്യൂറോ ഓഫീസ് അതിക്രമിച്ചത്. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ ബ്യൂറോയിലെ കാറിന് മുകളിൽ യൂത്ത് കോൺഗ്രസിന്റെ കൊടി നാട്ടി.
മുകളിലെ ഓഫീസിലേക്കുള്ള പടികളിലും വാതിലിലും കരി ഓയിൽ ഒഴിക്കുകയും വാതിലിൽ റിപ്പോർട്ടറിനെതിരെ നോട്ടീസ് പതിക്കുകയും ചെയ്തിരുന്നു. റിപ്പോർട്ടർ ചാനലിനെ അധിക്ഷേപിക്കുന്ന വാചകങ്ങളാണ് നോട്ടീസിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവി നൽകിയ പരാതിയിൽ പൊലീസ് ആറ് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഓഫീസിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തി എന്നതാണ് കേസ്.
https://www.facebook.com/Malayalivartha