കേരളത്തിൻ്റെ ദന്തൽ വിഭാഗം വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു; കേരളത്തിലെ ദന്തൽ മേഖല രാജ്യത്തിന് തന്നെ മാതൃകയെന്ന് മന്ത്രി വി ശിവൻകുട്ടി

കേരളത്തിലെ ദന്തൽ മേഖല രാജ്യത്തിന് തന്നെ മാതൃകയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരളത്തിൻ്റെ ദന്തൽ വിഭാഗം വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വർഷം 200-ൽ താഴെ ദന്തൽ ഡോക്ടർമാർ 16 ലക്ഷത്തോളം രോഗികൾക്ക് സേവനം നൽകി. ഏകദേശം ആറ് ലക്ഷത്തോളം ചികിത്സാ പ്രക്രിയകളാണ് അവർ സർക്കാർ ആശുപത്രികളിൽ നടത്തിയത്, ഇത് സമൂഹത്തിന് വലിയ സാമ്പത്തിക ലാഭമാണ് ഉണ്ടാക്കിയത്. സ്വകാര്യ ആശുപത്രികളിൽ വലിയ ചെലവുള്ള ചികിത്സകൾ സർക്കാർ മേഖലയിൽ ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞതായും മന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ദന്തൽ ആരോഗ്യ മേഖലയിൽ മികച്ച സംവിധാനങ്ങളുള്ള സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും AIIMS-ഉം സംഘടിപ്പിച്ച ദേശീയ അവലോകന യോഗത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട്, അരുണാചൽ പ്രദേശ്, ലക്ഷദ്വീപ്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങൾ കേരളത്തിൻ്റെ 'മന്ദഹാസം', 'പുഞ്ചിരി', 'വെളിച്ചം', 'ദീപ്തം' തുടങ്ങിയ പദ്ധതികൾ മാതൃകയാക്കാൻ തീരുമാനിച്ചത് അഭിമാനകരമായ നേട്ടമാണ്. ഈ നേട്ടങ്ങൾ ഒറ്റരാത്രികൊണ്ട് ഉണ്ടായതല്ലെന്നും, ദന്തൽ ആരോഗ്യ മേഖലയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന വലിയ പ്രാധാന്യത്തിൻ്റെ ഫലമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തൽ യൂണിറ്റുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനകം 5 താലൂക്ക് ആശുപത്രികളിൽ പുതിയ യൂണിറ്റുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. തിരുവനന്തപുരം ദന്തൽ കോളേജ് ആദ്യമായി ദേശീയ റാങ്കിംഗിൽ ഇടം നേടിയതും ഈ മേഖലയിലെ പുരോഗതിക്ക് ഉദാഹരണമാണ്.
ചികിത്സയെക്കാൾ രോഗപ്രതിരോധത്തിന് ഊന്നൽ നൽകേണ്ടത് അത്യാവശ്യമാണെന്നും, ഇതിനായി വദനാരോഗ്യം, വദനാർബുദം എന്നിവയെക്കുറിച്ച് ബോധവത്കരണവും ഗവേഷണവും വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ദന്തൽ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സംഘടന മുന്നോട്ടുവെച്ച ആവശ്യങ്ങൾ പരിഗണിക്കും. എല്ലാവരും ഒരുമിച്ച് പ്രവർത്തിച്ച് ഈ മേഖലയിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാമെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha