താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി

ബുധനാഴ്ച രാത്രിയില്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തിടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കി. റോഡിലേക്ക് ഇടിഞ്ഞു വീണ പാറകളും കല്ലുകളും നീക്കിയതിന് പിന്നാലെ ചെറു വാഹനങ്ങള്‍ കടത്തിവിടുകയും ചെയ്തിരുന്നു. വ്യാഴാഴ്ച വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായതോടെയാണ് നിയന്ത്രണം കടുപ്പിച്ചത്. നിലവില്‍ മഴയുള്‍പ്പെടെ കുറഞ്ഞ സാഹചര്യം വിലയിരുത്തിയാണ് പാത വീണ്ടും തുറക്കാന്‍ ധാരണയായത്. വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റിയാടി, നാടുകാണി ചുരങ്ങള്‍, കണ്ണൂര്‍ റോഡ് എന്നിവയിലൂടെ തിരിച്ചു വിട്ടായിരുന്നു ഗതാഗതം ക്രമീകരിച്ചത്.
ചുരത്തിന്റെ ഒമ്പതാം വളവില്‍ ഏകദേശം 80 അടി ഉയരത്തിലുണ്ടായ പാറയിലെ വിള്ളലുകള്‍ ആണ് മണ്ണിടിച്ചലിന് കാരണമായത്. നിലവില്‍ താമരശ്ശേരി ചുരം റോഡിലേക്ക് വീണ പാറക്കല്ലുകളും മണ്ണും പൂര്‍ണമായും നീക്കം ചെയ്തിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അടര്‍ന്നു നില്‍ക്കുന്ന പാറകള്‍ ഇനിയും റോഡിലേക്ക് വീഴാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്ത് മുഴുവന്‍ സമയ നിരീക്ഷണം ഏര്‍പ്പെടുത്തും.
പ്രദേശത്ത് റോഡില്‍ രാത്രികാലത്ത് ആവശ്യത്തിന് വെളിച്ചം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഉള്‍പ്പെടെ സജ്ജമാക്കും. ആവശ്യത്തിന് ക്രെയിനുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും സജ്ജമാക്കണം. ആംബുലന്‍സ് സര്‍വീസ് ഉറപ്പുവരുത്തുകയും പ്രദേശത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശവും ജില്ലാ ഭരണകൂടങ്ങള്‍ നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha