ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. സുരേഷ്‌ഗോപിയുടെ ശാസ്തമംഗലത്തെ വീട്ടില്‍ നേരിട്ടെത്തിയായിരുന്നു ക്ഷണിച്ചത്. അരമണിക്കൂറോളം ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടു. വിശ്വാസമാണ് പ്രധാനമെന്നും ദേവസ്വം ബോര്‍ഡിന് രാഷ്ട്രീയമില്ലെന്നും വിശ്വാസികളുടെ കൂട്ടായ്മയാണ് അയ്യപ്പ സംഗമമെന്നും പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.
പ്രതിപക്ഷ നേതാക്കളെ വിളിക്കുവാനുള്ള ധാര്‍മിക ബാധ്യത തങ്ങള്‍ക്കുണ്ട്. ബാക്കി തീരുമാനങ്ങള്‍ എടുക്കേണ്ടത് അവര്‍ തന്നെയാണ്. ബിജെപി നടത്താന്‍ ഉദ്ദേശിക്കുന്ന ബദല്‍ സംഗമം ശബരിമലയുടെ നന്മയ്ക്ക് വേണ്ടി ആണെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുവതി പ്രവേശന നിലപാടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പ്രസക്തിയില്ല. അത്തരമൊരു സാഹചര്യം വന്നാല്‍ ആലോചിക്കാം. ദേവസ്വം ബോര്‍ഡ് പരിപാടി സംഘടിപ്പിക്കുമ്പോള്‍ ഏത് സര്‍ക്കാരായാലും സഹായം തേടിയേ കഴിയൂ. അതിനെ അങ്ങനെ കണ്ടാല്‍ മതി, പി എസ് പ്രശാന്ത് വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ വിമര്‍ശനങ്ങള്‍ക്കും പി എസ് പ്രശാന്ത് മറുപടി നല്‍കി. പ്രതിപക്ഷ നേതാവിന്റെ പ്രസ് സെക്രട്ടറിക്ക് കത്ത് നല്‍കാനാണ് പോയത്. അദ്ദേഹം അവിടെ ഉണ്ടായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. എല്ലാവര്‍ക്കും അവരുടേതായ രാഷ്ട്രീയമുണ്ട്.പക്ഷെ ശബരിമലയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ പാടില്ലായിരുന്നു. ശബരിമലയില്‍ ഒരംശം പോലും രാഷ്ട്രീയം കലര്‍ത്താനായി ശ്രമിച്ചിട്ടില്ല. താന്‍ സമ്പൂര്‍ണ്ണ ഭക്തനാണെന്നും തന്നെ നിയമിച്ച പാര്‍ട്ടി ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.
https://www.facebook.com/Malayalivartha