മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ വാഹനത്തില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം വിജിലന്‍സ് പിടികൂടി

വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ കാറില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തു. കണ്ണൂര്‍ ആര്‍.ടി ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ആയ ഉദ്യോഗസ്ഥന്‍ രജിസ്‌ട്രേഷന്‍, റിരജിസ്‌ട്രേഷന്‍, ഹൈപ്പോത്തിക്കേഷന്‍ ക്യാന്‍സലേഷന്‍, പെര്‍മിറ്റ് എന്നീ അപേക്ഷകരില്‍ നിന്നും ഏജന്റ് വഴി കൈക്കൂലി കൈപ്പറ്റുന്നതായി വിജിലന്‍സിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഉദ്യോഗസ്ഥന്‍ ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോള്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന വ്യക്തി കൈക്കൂലി പണം കൈമാറും.
ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് സ്‌പെഷ്യല്‍ സെല്ലില്‍ നിന്നുള്ള വിജിലന്‍സ് സംഘം ഇന്നലെ മിന്നല്‍ പരിശോധന നടത്തി. കൈക്കൂലി പണം കൈപ്പറ്റിയ ശേഷം രാത്രിയോടെ സ്വന്തം കാറില്‍ തലശ്ശേരിയിലുള്ള വീട്ടിലേക്ക് പോകുമ്പോള്‍ തയ്യില്‍ എന്ന സ്ഥലത്തുവച്ച് ഉദ്യോഗസ്ഥനെ വിജിലന്‍സ് സംഘം തടയുകയും പരിശോധന നടത്തുകയുമായിരുന്നു.
പരിശോധനയില്‍ കാറില്‍ നിന്നും കണക്കില്‍പ്പെടാത്ത 32,200രൂപ പിടിച്ചെടുത്തു. തുടര്‍ന്ന് ആര്‍.ടി ഓഫീസിലും വിജിലന്‍സ് പരിശോധന നടത്തി. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്നതിലോ, വാട്ട്‌സ്ആപ്പ് നമ്പരായ 9447789100 എന്നതിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha