തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒളിച്ചുകളിക്കുന്നെന്ന് വി എസ് സുനില്‍കുമാര്‍

ലോക്‌സഭ തിരഞ്ഞെടുപ്പു കാലത്ത് തൃശൂര്‍ ജില്ലാ കളക്ടറായിരുന്ന വി.ആര്‍ കൃഷ്ണതേജയ്ക്കും രണ്ട് വോട്ടുണ്ടായിരുന്നുവെന്നും സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗവും തൃശൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന വി.എസ് സുനില്‍കുമാര്‍ ആരോപിച്ചു.
കളക്ടറുടെ സ്വദേശമായ ആന്ധ്രാപ്രദേശിലെ ചിലകലുരിപെട്ടിലും തൃശൂരിലും വ്യത്യസ്ത ഐ.ഡികളില്‍ വോട്ടര്‍ പട്ടികയില്‍ കൃഷ്ണതേജയുടെ പേരുണ്ടായിരുന്നു. തിരഞ്ഞെടുപ്പില്‍ എല്ലാം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടവരുടെ കാര്യം തന്നെ ഇങ്ങനെയാണ്. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ ലഭ്യമായ മറുപടി സംശയകരമാണ്. ജനങ്ങള്‍ അറിയേണ്ട പൊതുതാത്പര്യത്തില്‍പ്പെട്ട കാര്യങ്ങള്‍ ജനങ്ങളില്‍ നിന്നും മറച്ചുവെക്കുന്നത് ഇലക്ഷന്‍ കമ്മിഷന്‍ അവസാനിപ്പിക്കണം.
തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ വോട്ടര്‍പട്ടികയില്‍ കൃത്രിമം നടത്തിയതായി ഇതിനോടകം തെളിവുകള്‍ സഹിതം വിവരങ്ങള്‍ പുറത്തുവന്നിട്ടും കമ്മിഷന്‍ യാതൊരു നിയമനടപടികളും സ്വീകരിച്ചിട്ടില്ല. 1950ലെ ജനപ്രാതിനിധ്യ നിയമപ്രകാരം ഒരു വ്യക്തി ഒരേസമയം ഒന്നിലധികം മണ്ഡലങ്ങളില്‍ വോട്ടറായിരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നതിനാല്‍, കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്‌ക്കെതിരെ ഇലക്ഷന്‍ കമ്മിഷന്‍ നോട്ടീസ് അയച്ചിരുന്നു. നിരവധി ബി.ജെ.പി നേതാക്കള്‍ക്ക് ഒരേസമയം തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലും മറ്റു മണ്ഡലങ്ങളിലും വോട്ടര്‍പട്ടികയില്‍ പേരുള്ളതിന്റെ വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നിട്ടും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും കമ്മിഷന്‍ സ്വീകരിച്ചിട്ടില്ല. ഇത് ഇരട്ടത്താപ്പാണെന്നും മറുപടി വേണമെന്നും സുനില്‍ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സി.പി.ഐ തൃശൂര്‍ മണ്ഡലം സെക്രട്ടറിയും എല്‍.ഡി.എഫ് ഇലക്ഷന്‍ കമ്മിറ്റി മണ്ഡലം സെക്രട്ടറിയുമായിരുന്ന അഡ്വ. കെ.ബി സമേഷാണ് വിവരാവകാശ പ്രകാരം അപേക്ഷ നല്‍കിയത്.
https://www.facebook.com/Malayalivartha