ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളിലേയ്ക്ക് ഫോണും ലഹരി വസ്തുക്കളും എറിഞ്ഞുകൊടുക്കുന്ന സംഘത്തിലെ പ്രധാനിയായ ഒരാള്‍ കൂടി പിടിയില്‍. അത്താഴക്കുന്ന് സ്വദേശി മജീഫിനെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ജയിലിലേയ്ക്ക് മൊബൈല്‍ ഫോണും ബീഡിയും എറിഞ്ഞുകൊടുക്കുന്നതിനിടെ പനങ്കാവ് സ്വദേശി അക്ഷയ് കഴിഞ്ഞമാസം അറസ്റ്റിലായിരുന്നു. അന്ന് അക്ഷയ്‌ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടവരില്‍ ഒരാളാണ് മജീഫ്.
ജയില്‍ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറി മതിലിന് മുകളിലൂടെ മൊബൈല്‍ ഫോണ്‍ എറിഞ്ഞ് നല്‍കാന്‍ ശ്രമിച്ചതിനാണ് അക്ഷയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഓഗസ്റ്റ് 24ാം തീയതി മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. മൂന്നുപേര്‍ ജയില്‍ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ഇത് ഉദ്യോഗസ്ഥര്‍ കണ്ടത്. ജയിലിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇവരെ പിടികൂടാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
നിരോധിത പുകയില ഉല്‍പ്പന്നങ്ങളും ഒരു മൊബൈല്‍ ഫോണും വലിച്ചെറിയുന്നതാണ് ഉദ്യോഗസ്ഥര്‍ കണ്ടത്. പൊലീസുകാരെ കണ്ടതോടെ മൂന്നുപേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍, ഓടുന്നതിനിടെ അക്ഷയ് നിലത്ത് വീഴുകയായിരുന്നു. ജയിലിലെ രാഷ്ട്രീയ തടവുകാര്‍ക്ക് വേണ്ടിയാണ് പുകയില ഉല്‍പ്പന്നങ്ങളും മൊബൈലും കൊണ്ടുവന്നതെന്നാണ് അക്ഷയ് നല്‍കിയ മൊഴി. മതിലിനകത്തുനിന്ന് സിഗ്‌നല്‍ കിട്ടിയാല്‍ പുറത്തുനിന്ന് എറിഞ്ഞുകൊടുക്കും. ഒരു കെട്ട് സാധനം അകത്തേക്ക് എറിഞ്ഞുകൊടുത്താല്‍ 1000 രൂപ കിട്ടുമെന്നും അക്ഷയ് മൊഴി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha