തൊട്ടാൽ പൊള്ളും; സംസ്ഥാനത്ത് ചരിത്രകുതിപ്പിൽ സ്വർണ്ണ വില; പവന് 90,320

ചരിത്രം കുറിച്ച് സ്വർണ്ണ വില. സംസ്ഥാനത്ത് ആദ്യമായി 90000 രൂപ കടന്നിരിക്കുകയാണ്. ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലി 5%,3% ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജസും ചേർത്ത് ഒരു ലക്ഷം രൂപ അടുപ്പിച്ച് നൽകേണ്ടിവരും. യുഎസിന്റെ സാമ്പത്തിമേഖലയിൽ പ്രതിസന്ധി രൂക്ഷമായതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ സ്വീകാര്യത ലഭിച്ചതാണ് വിലയിലും പ്രതിഫലിക്കുന്നത്. ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ പവന് 90,320 രൂപയായി.
രാജ്യാന്തര വിപണിയിലും സ്വർണവിലയിൽ കുതിപ്പ് തുടരുകയാണ്. അന്താരാഷ്ട്ര സ്വർണ്ണവില ഔൺസിന് 4000 ഡോളർ മറികടന്ന് മുന്നോട്ട് കുതിക്കുകയാണ്. 2008 ല്‍ 1000 ഡോളറും, 2011ൽ 2000 ഡോളറും, 2021ൽ 3000 ഡോളറും, മറികടന്നതിനുശേഷമാണ് 2025 ഒക്ടോബർ 8ന് 4000 ഡോളർ മറികടന്നത്. രാജ്യാന്തര സ്വർണവില ഇന്ന് 4015 ഡോളറാണ്.ഡോളറിനെയും കടപ്പത്രത്തെയും ഓഹരികളെയും കൈവിട്ട് നിക്ഷേപകർ സ്വർണ ഇടിഎഫ് പോലുള്ള പദ്ധതികളിലേക്ക് പണമൊഴുക്കുന്നു.
ഈ വർഷത്തിന്റെ തുടക്കത്തിൽ വെറും 2,500 ഡോളറായിരുന്ന രാജ്യാന്തരവിലയാണ് ഇപ്പോൾ 4,000ന് അടുത്തെത്തി നിൽക്കുന്നത്. അതേ സമയം ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇന്ത്യ. അതിനാല്‍ അന്താരാഷ്ട്ര വിപണിയിലെ ചെറിയ മാറ്റങ്ങളും ഇന്ത്യന്‍ വിപണിയില്‍ വന്‍ പ്രതിഫലനം ഉണ്ടാക്കുന്നുണ്ട്. അന്താരാഷ്ട്ര വിലയുടെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ വില നിശ്ചയിക്കുന്നത്. വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറിച്ചിലുകള്‍ എന്നിവയാണ് സ്വര്‍ണത്തിന്റെ വില ഇന്ത്യയില്‍ സ്വാധീനിക്കുന്നത്. ഇത്തരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ സ്വര്‍ണത്തിന്റെ വില ക്രമാതീതമായി വര്‍ദ്ധിക്കുന്നു. ഇനിയും വില ഉയരാം എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
യുഎസിലെ പണപ്പെരുപ്പ നിരക്ക്, പലിശ നയം, രാജ്യാന്തര സംഘര്‍ഷങ്ങള്‍, ക്രൂഡ് ഓയില്‍ വിലയിലുള്ള മാറ്റങ്ങള്‍, രൂപയുടെ മൂല്യത്തിലെ അസ്ഥിരത, വിവാഹകാലം, ഉത്സവസീസണ്‍ തുടങ്ങിയ ആഭ്യന്തര ആവശ്യങ്ങള്‍, വിലയിലുണ്ടാകുന്ന ഏത് മാറ്റത്തിനിടയിലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ കാണുന്നത് ഇതെല്ലാം സ്വര്‍ണത്തിന്റെ വില കൂടാന്‍ കാരണമാണ്.
https://www.facebook.com/Malayalivartha