ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവം; താമരശേരി ആശുപത്രിയിലെ എല്ലാ സേവനങ്ങളും നിര്‍ത്തിവച്ചു; ഡോക്ടര്‍മാര്‍ അത്യാഹിത വിഭാഗം ഒഴികെയുള്ള സേവനങ്ങള്‍ ബഹിഷ്‌കരിച്ച് സമരത്തിനിറങ്ങും

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിയ സംഭവത്തെത്തുടര്‍ന്ന് സമരത്തിനൊരുങ്ങി കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലെയും ഡോക്ടര്‍മാര്‍ അത്യാഹിത വിഭാഗം ഒഴികെയുള്ള സേവനങ്ങള്‍ ബഹിഷ്‌കരിച്ച് സമരത്തിനിറങ്ങുമെന്ന് കെജിഎംഒഎ വ്യക്തമാക്കി.
നിലവില്‍ താമരശേരി ആശുപത്രിയിലെ എല്ലാ സേവനങ്ങളും നിര്‍ത്തിവച്ചു. ജില്ലയിലെ മറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യാഹിത വിഭാഗം മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വിപിനാണ് വെട്ടേറ്റത്. തലയ്ക്ക് വെട്ടേറ്റ് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഡോക്ടറുടെ നില ഗുരുതരമായി തുടരുകയാണ്. ആക്രമണം നടത്തിയ സനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകള്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചിട്ടില്ലെന്ന നിലപാടിലായിരുന്നു സനൂപ്.
മതിയായ ചികിത്സ ലഭിക്കാത്തതുകൊണ്ടാണ് മകള്‍ മരിച്ചതെന്ന് ആരോപിച്ചുകൊണ്ടാണ് സനൂപ് ഡോക്ടറെ വെട്ടിയത്. 'എന്റെ മകളെ കൊന്നവന്‍' എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. രോഗിയുടെ ബന്ധുക്കളോട് സംസാരിച്ചുകൊണ്ടിരിക്കവേയാണ് സനൂപ് സ്ഥലത്തെത്തി ഡോക്ടറെ വെട്ടിയത്. സൂപ്രണ്ടിനെ അന്വേഷിച്ചാണ് സനൂപ് ആശുപത്രിയിലെത്തിയത്. ഈ സമയം സൂപ്രണ്ട് അവിടെ ഉണ്ടായിരുന്നില്ല. രണ്ട് കുട്ടികളും ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നു. വിപിനെ കണ്ടതോടെ ആക്രമിക്കുകയായിരുന്നു. വിപിനാണോ അനയയെ ചികിത്സിച്ചതെന്ന് വ്യക്തമല്ല. സനൂപിനെ പൊലീസ് പിടികൂടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























