ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ സുരേഷ് ഗോപിയുടെ വാദം തള്ളി ദേവന്‍; ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് ദേവന്‍

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം തള്ളി നടനും ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗവുമായ ദേവന്‍. സുരേഷ് ഗോപിയുടേത് തെറ്റായ വാദമാണെന്നും അങ്ങനെ ചിന്തിക്കുന്നത് നോണ്‍സെന്‍സ് ആണെന്നും ദേവന്‍ വ്യക്തമാക്കി. സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും ദേവന്‍ ചൂണ്ടിക്കാട്ടി.
ശബരിമല വിവാദം വഴി തിരിച്ചുവിടാന്‍ മാദ്ധ്യമങ്ങള്‍ ശ്രമിക്കുമെന്ന് തോന്നുന്നില്ല. മാദ്ധ്യമങ്ങളും ഹൈക്കോടതിയുമാണ് ഈ വിഷയത്തില്‍ ജാഗ്രത കാണിക്കുന്നത്. ശബരിമലയിലേത് വിവാദമല്ല,പകല്‍ക്കൊള്ളയാണ്. ശബരിമലയില്‍ മാത്രമല്ല, മറ്റു ക്ഷേത്രങ്ങളിലും കൊള്ള നടന്നു. കൊള്ള നടത്തുന്നവര്‍ തന്നെ ഇതിനെക്കുറിച്ച് അന്വേഷിച്ചാല്‍ ശരിയാവില്ല. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തണമെന്നും ദേവന്‍ പറഞ്ഞു.
ഭൂട്ടാന്‍ വാഹന കള്ളക്കടത്തുമായി ബന്ധപ്പെട്ട് നടന്മാരുടെ വീടുകളില്‍ ഇഡി റെയ്ഡ് നടത്തുന്നത് ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം മുക്കാന്‍വേണ്ടിയാണെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത്. ഇന്നലെ പാലക്കാട് നടന്ന കലുങ്ക് സംവാദത്തിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. 'സ്വര്‍ണത്തിന്റെ വിഷയം മുക്കാന്‍വേണ്ടിയാണോ സിനിമാരംഗത്തുള്ള രണ്ടുപേരെ വീണ്ടും ത്രാസില്‍കേറ്റി അളക്കാന്‍ കേരള ജനതയ്ക്ക് വിട്ടുകൊടുത്തിരിക്കുന്നത്.
അതിനെസംബന്ധിച്ച് എന്‍ഐഎ, ഇഡി എല്ലാം പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നതുകൊണ്ട് കേന്ദ്രമന്ത്രിസഭയില്‍ ഇരുന്നുകൊണ്ട് അതിനെക്കുറിച്ച് പറയാന്‍ പാടില്ല. സര്‍ക്കാരിനെ ബാധിക്കുന്ന വിഷയങ്ങള്‍ വരുമ്പോള്‍ തിളക്കമുള്ളവരെ മലിനപ്പെടുത്തുക, കളങ്കപ്പെടുത്തുക എന്ന പ്രക്രിയ മാത്രമാണ് പൊലീസിനെ ഉപയോഗിച്ച് നടത്തുന്നത്' എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
https://www.facebook.com/Malayalivartha