ബസിനു കുറുകേ ഒരു കാര്‍ വന്നപ്പോള്‍ ഹോണ്‍ അടിച്ചു; ഹോണ്‍ ജാം ആയി;അമിത വേഗത്തില്‍ എത്തി ഹോണ്‍ മുഴക്കിയ സ്വകാര്യ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയ സംഭവത്തില്‍ വിശദീകരണവുമായി ഡ്രൈവര്‍

കോതമംഗലത്ത് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ഉദ്ഘാടന വേദിയില്‍ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ അമിത വേഗത്തില്‍ എത്തി ഹോണ്‍ മുഴക്കിയ സ്വകാര്യ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയ സംഭവത്തില്‍ വിശദീകരണവുമായി ഡ്രൈവര്‍. ഹോണ്‍ തകരാറിലായതാണെന്നും മനഃപൂര്‍വം അല്ലെന്നും ഡ്രൈവര്‍ പറഞ്ഞു.
'' കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് അടുത്തെത്തിയപ്പോള്‍ പൊലീസ് വണ്ടി വന്നു. സ്റ്റാന്‍ഡില്‍ കയറിയില്ലെങ്കില്‍ പെറ്റി കിട്ടും. അതിനാല്‍ കയറി. ബസിനു കുറുകേ ഒരു കാര്‍ വന്നപ്പോള്‍ ഹോണ്‍ അടിച്ചു. ഇലക്ട്രിക് ഹോണാണ് അടിച്ചത്. ഹോണ്‍ ജാം ആയി. അപ്പോഴാണ് പരിപാടി നടക്കുന്നതായി കണ്ടത്. ഹോണിന്റെ വയറുകള്‍ ഞാന്‍ വലിച്ചു പൊട്ടിച്ചു. പതുക്കെയാണ് ബസ് അകത്തേക്ക് കയറ്റിയത്. കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് ഇലക്ട്രീഷ്യന്‍ വന്നാണ് ഒടുവില്‍ ഹോണിലെ പ്രശ്‌നം പരിഹരിച്ചത്. ആര്‍ടിഒ ഉദ്യോഗസ്ഥര്‍ ആദ്യം എന്നോട് പോകാന്‍ പറഞ്ഞു. പിന്നീട് തിരിച്ചു ചെല്ലാന്‍ പറഞ്ഞു.''ഡ്രൈവര്‍ പറഞ്ഞു.
കോതമംഗലത്ത് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. പ്രസംഗം നടത്തിയ വേദിയില്‍ വച്ച് തന്നെയാണ് പെര്‍മിറ്റ് റദ്ദാക്കിയ വിവരം മന്ത്രി അറിയിച്ചത്. വേദി വിട്ടുപോകുന്നതിന് മുന്‍പ് തന്നെ മന്ത്രി നടപടി എടുക്കുകയായിരുന്നു. ജനങ്ങള്‍ തിങ്ങിനില്‍ക്കുന്നിടത്ത് ഇത്രയും വേഗത്തില്‍ വാഹനം ഓടിക്കുമെങ്കില്‍ പൊതുവഴിയില്‍ എന്ത് വേഗത്തിലായിരിക്കും വാഹനം ഓടിക്കുകയെന്നും മന്ത്രി ചോദിച്ചിരുന്നു. സ്വകാര്യ ബസിന്റെ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടിയും മോട്ടര്‍ വാഹനവകുപ്പ് ആരംഭിച്ചു.
''ഞാനും ആന്റണി ജോണ്‍ എംഎല്‍എയും പ്രസംഗിച്ചു കൊണ്ടിരിക്കെ വലിയ ശബ്ദത്തില്‍ ഹോണ്‍ മുഴക്കി ഒരു വാഹനം വരുന്നത് കണ്ടു. ആദ്യം വിചാരിച്ചത് ഫയര്‍ എന്‍ജിന്‍ ഹോണ്‍ മുഴക്കി വരികയാണെന്നാണ്. നോക്കുമ്പോള്‍ ഒരു പ്രൈവറ്റ് ബസ് നിറച്ച് ആളെയും വച്ച് കൊണ്ട് റോക്കറ്റ് പോകുന്നതു പോലെ അകത്തേക്ക് പോകുന്നു. ബസ് സ്റ്റാന്‍ഡിനകത്ത് എന്തിനാണ് ഇത്രയും ഹോണ്‍ അടിക്കുന്നത്. ജനങ്ങള്‍ കൂടിനില്‍ക്കുന്നിടത്ത് ഇത്രയും വേഗത്തില്‍ വണ്ടി ഓടിക്കുന്നവര്‍ പുറത്ത് എന്ത് വേഗത്തിലായിരിക്കും ഇത് ഓടിക്കുന്നത്.'' ഗണേഷ് കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha