പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അസിസ്റ്റൻ്റ് പ്രിസണ്‍ ഓഫീസറായ എ. ആര്‍. അനീഷിൻ്റെ ഒമ്പത് അവയവങ്ങൾ ദാനം ചെയ്തു...

ശബരിമല ദർശനത്തിനിടെ പമ്പയില്‍ വച്ച് തലയിടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റതിന് പിന്നാലെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച എ. ആര്‍. അനീഷിൻ്റെ ഒന്‍പത് അവയവങ്ങൾ ദാനം ചെയ്തു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അസിസ്റ്റൻ്റ് പ്രിസണ്‍ ഓഫീസറായ എ. ആര്‍. അനീഷിൻ്റെ കുടുംബാംഗങ്ങളാണ് അവയവദാനം ചെയ്യാൻ മുൻകൈ എടുത്തത്. അനീഷിൻ്റെ ഹൃദയം, ശ്വാസകോശം, രണ്ട് വൃക്ക, പാന്‍ക്രിയാസ്, കരള്‍, കൈ, രണ്ട് നേത്രപടലം എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. ഒരു വൃക്കയും ഹൃദയവും ശ്വാസകോശവും രണ്ട് നേത്രപടലങ്ങളും കോട്ടയം മെഡിക്കല്‍ കോളേജിലേക്കും ഒരു വൃക്കയും പാന്‍ക്രിയാസും കൈയും കൊച്ചി അമൃത ആശുപത്രിയിലേക്കും കരള്‍ കോട്ടയം കാരിത്താസ് ആശുപത്രിയിലെ രോഗികള്‍ക്കുമാണ് നല്‍കിയത്.
കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങൾ നടന്നത്. അനീഷിൻ്റെ മരണത്തിൽ ആദരാഞ്ജലി അര്‍പ്പിക്കുകയും, അവയവം ദാനം ചെയ്യാന്‍ സന്നദ്ധരായ ബന്ധുക്കളോട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി പറയുകയും ചെയ്തു. ഒക്ടോബര്‍ 17ന് ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് അനീഷ് അപകടത്തിൽ പെടുന്നത്. ഉടന്‍ തന്നെ പത്തനംതിട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
22ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു. അനീഷിൻ്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. അനീഷിന്റെ വിയോഗത്തിൻ്റെ വേദനയിലും അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത കാണിച്ച കുടുംബാംഗങ്ങൾ മാനവികതയുടെ വലിയൊരു മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്.
അനീഷിന് ആദരാഞ്ജലികൾ. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നാടിൻ്റെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
https://www.facebook.com/Malayalivartha