ജാമ്യ വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് റാപ്പര്‍ വേടന്

ലൈംഗിക പീഡന കേസിലെ എറണാകുളം സെഷന്‍സ് കോടതിയുടെ ജാമ്യവ്യവസ്ഥയില്‍ വേടന് കേരളത്തിന് പുറത്തുപോകാന്‍ കഴിയില്ലെന്നും ജാമ്യ വ്യവസ്ഥ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് റാപ്പര്‍ ഗായകന്‍ വേടന്‍ (ഹിരണ്‍ ദാസ് മുരളി) ഹൈക്കോടതിയെ സമീപിച്ചു. ഈ മാസം മുതല്‍ ഡിസംബര്‍ വരെ കൊളംബോ, ദുബായ്, ഖത്തര്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് ആവിശ്യപ്പെട്ടാണ് വേടന്‍ കോടതിയെ സമീപിച്ചത്.
അതേസമയം വേടനെതിരെ നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ മൊഴി നല്‍കാന്‍ യുവതി ഹാജരാകണമെന്ന നോട്ടീസ് പൊലീസ് പിന്‍വലിച്ചു. പരാതിയില്‍ മൊഴി നല്‍കാന്‍ വിളിപ്പിക്കാന്‍ പൊലീസിന് അധികാരമുണ്ടെങ്കിലും വ്യക്തിപരമായ വിവരങ്ങള്‍ പുറത്തുപോകുന്നതു തടയാന്‍ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്നായിരുന്നു നോട്ടീസ് പിന്‍വലിച്ചത്. പൊലീസിനോട് ജസ്റ്റിസ് സി.പ്രതീപ് കുമാര്‍ വിശദീകരണം തേടി.
എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഒയ്ക്കു മുമ്പാകെ ഹാജരായി മൊഴി നല്‍കണമെന്നായിരുന്നു നോട്ടീസിലുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ തങ്ങള്‍ ഈ നോട്ടീസ് പിന്‍വലിക്കുകയാണെന്നും യുവതി ഹാജരാകേണ്ടതില്ലെന്നും പൊലീസ് അറിയിക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്ന മറ്റൊരു കേസില്‍ ഹൈക്കോടതി വേടന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
https://www.facebook.com/Malayalivartha