സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂര്‍ സ്വദേശിയായ 77 കാരിയാണ് മരിച്ചത്. വീട്ടമ്മയായ ഇവര്‍ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. ഇവരുടെ രോഗ ഉറവിടം ഇതുവരെ വ്യക്തമല്ല.
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള മരണങ്ങള്‍ സംസ്ഥാനത്ത് പിടിമുറുക്കിയതോടെ രോഗ കാരണങ്ങളും ഉറവിടവും കണ്ടെത്താന്‍ ആരോഗ്യവകുപ്പ് പഠനം തുടങ്ങിയിട്ടുണ്ട്. ആരോഗ്യ വകുപ്പും ചെന്നൈ ഐ.സി.എം.ആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് എപ്പിഡെമിയോളജിയിലെ വിദഗ്ദ്ധരും ചേര്‍ന്നാണ് പഠനം നടത്തുന്നത്.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട രോഗമായിട്ടും സംഘത്തില്‍ പരിസ്ഥിതി വിദഗ്ദ്ധര്‍ ഉള്‍പ്പെട്ടിട്ടില്ല. ഇതുകാരണം രോഗവ്യാപനത്തിന്റെ എല്ലാവശങ്ങളും കൃത്യമായി പഠിക്കാന്‍ ഈ സംഘത്തിന് പരിമിതിയുണ്ടെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. രോഗത്തെയും ചികിത്സയെയും കുറിച്ചേ ഇക്കൂട്ടര്‍ക്ക് ധാരണയുള്ളൂ. കമ്മ്യൂണിറ്റി മെഡിസിന്‍, പബ്ലിക് ഹെല്‍ത്ത് വിഭാഗങ്ങളിലുള്ളവരാണ് പഠനസംഘത്തിന് നേതൃത്വം നല്‍കുന്നത്.
കോഴിക്കോട്ടാണ് ഫീല്‍ഡുതല പഠനം ആരംഭിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലും പഠനം നടത്തും. രോഗവ്യാപനവും ഉറവിടവും വ്യത്യസ്തമായതിനാല്‍ ഓരോ കേസും പ്രത്യേകം പഠിക്കണം. രോഗബാധിതരുടെയും മരിച്ചവരുടെയും വീടും പരിസരവും വിലയിരുത്തും. ഇവിടെ കുടിവെള്ളമെത്തുന്ന സ്രോതസിനെക്കുറിച്ചും പഠിക്കും. വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിക്കും.
പഠനം പൂര്‍ത്തിയാകാന്‍ ആറുമാസമെങ്കിലും വേണം. കേരളത്തിലെയും ഐ.സി.എം.ആര്‍, ഐ.എ.വി, പോണ്ടിച്ചേരി എവി ഇന്‍സ്റ്റിറ്റിയൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് സയന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലെ വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് ആഗസ്റ്റില്‍ ടെക്‌നിക്കല്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ച് തുടര്‍പഠനങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഫീല്‍ഡുതല പഠനം.
https://www.facebook.com/Malayalivartha























