രാഹുല്‍ ഗാന്ധി മോദിയെയും ബിഹാറിലെ ജനങ്ങളെയും അപമാനിച്ചെന്ന് ബിജെപി

ബിഹാറിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിഹാറിലെ ജനങ്ങളെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അപമാനിച്ചെന്ന് ബിജെപി. നാടന്‍ ഗുണ്ടയേപ്പോലെയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നതെന്ന് ബിജെപി നേതാവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.
വോട്ടിന് പകരമായി നൃത്തംചെയ്യണമെന്ന് മോദിയോട് പറഞ്ഞാല്‍ അദ്ദേഹം അതും ചെയ്യുമെന്ന് ബിഹാറിലെ തിരഞ്ഞെടുപ്പുറാലിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരേയാണ് ബിജെപി നേതാക്കള്‍ രംഗത്തെത്തിയത്. ബിഹാറിലെ നാടോടി സംസ്‌കാരത്തെയും വിശ്വാസങ്ങളെയും രാഹുല്‍ ഗാന്ധി അപമാനിച്ചതായി ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു. നിന്ദ്യമായ പരാമര്‍ശങ്ങളാണ് ഛാഠ് പൂജ സംബന്ധിച്ച് രാഹുല്‍ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ സനാതന ധര്‍മത്തിനും ഉത്സവാഘോഷങ്ങള്‍ക്കും ബിഹാറിനും എതിരാണ്, അദ്ദേഹം പറഞ്ഞു.
മുന്‍ സര്‍ക്കാരുകളുടെ കാലത്ത് യമുനാ നദിയിലെ വിഷകരമായ, പതനിറഞ്ഞ വെള്ളത്തില്‍ പൂജകള്‍ നടത്തേണ്ടിയിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ വന്നശേഷം പൂജയ്ക്കുവേണ്ടി നദീതീരത്ത് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു. രാഹുല്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ബിഹാറിനോട് ക്ഷമാപണം നടത്തണം. ആര്‍ജെഡി നേതാവ് തേജസ്വി യാദവും മഹാഗഢ്ബന്ധന്‍ നേതൃത്വവും രാഹുലിന്റെ പരാമര്‍ശത്തെ അപലപിക്കണമെന്നും അമിത് മാളവ്യ ആവശ്യപ്പെട്ടു.
നാടന്‍ ഗുണ്ടയേപ്പോലെയാണ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നതെന്ന് പ്രദീപ് ഭണ്ഡാരിയും ആരോപിച്ചു. മോദിക്ക് വോട്ട് ചെയ്ത ഇന്ത്യയിലെയും ബിഹാറിലെയും പാവപ്പെട്ടവരെ പരസ്യമായി അപമാനിക്കുകയാണ് രാഹുല്‍ ഗാന്ധി, പ്രദീപ് ഭണ്ഡാരി എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















