മാസപ്പടി കേസില്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി എം ശ്യാം കുമാര്‍ ആണ് പിന്മാറിയത്. കാരണം പറയാതെയാണ് പിന്മാറ്റം. ഇന്ന് ഹര്‍ജി പരിഗണിച്ചപ്പോഴാണ് പിന്മാറുകയാണെന്ന് അറിയിച്ചത്. ഡിവിഷന്‍ ബെഞ്ചാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ ടി വീണ അടക്കമുള്ളവര്‍ക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.
അതേസമയം, മാസപ്പടി കേസില്‍ അന്തിമ വാദം കേള്‍ക്കല്‍ കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റിയിരുന്നു. എസ്എഫ്‌ഐഒ അന്വേഷണത്തിനും തുടര്‍ നടപടിക്കുമെതിരെ സിഎംആര്‍എല്‍ കമ്പനി നല്‍കിയ ഹര്‍ജിയിലെ വാദം കേള്‍ക്കലാണ് അടുത്ത വര്‍ഷം ജനുവരി 13ലേക്ക് മാറ്റിയത്. ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ എസ്.എഫ്.ഐ.ഒയ്ക്കും കേന്ദ്ര സര്‍ക്കാരിനുമായി അഭിഭാഷകര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ വാദം കേള്‍ക്കല്‍ മാറ്റിയത്.
സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷനാണെങ്കിലും കേന്ദ്രം കേസ് സീരിയസായി കാണുന്നില്ലെന്ന് സിഎംആര്‍എല്ലിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ പരിഹസിച്ചു. കേസ് നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നുവെന്ന് എസ്എഫ്‌ഐഒയും സി.എം.ആര്‍.എല്ലും നേരത്തെ ആരോപിച്ചിരുന്നു. കമ്പനി റജിസ്ട്രാരുടെ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപേക്ഷയില്‍ കോടതി കേന്ദ്രത്തിന് നോട്ടീസയച്ചു. ഇത് എഎസ്ജി വഴി നല്‍കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























