തലസ്ഥാനം വര്‍ഷങ്ങളായി നേരിടുന്ന പ്രശ്‌നത്തിന് പരിഹാരമാകുന്നു

തലസ്ഥാനത്തെ ആക്കുളം, വേളി ജലാശയങ്ങളിലെയും പാര്‍വതി പുത്തനാറിലെയും സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തുന്ന കുളവാഴകള്‍ ശാസ്ത്രീയമായി നീക്കം ചെയ്ത് സംസ്‌കരിക്കാന്‍ തീരുമാനം. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ദുരന്ത നിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.
മറ്റ് ജില്ലകളില്‍ നടത്തിയ സമാന പദ്ധതികളുടെ അടിസ്ഥാനത്തില്‍ അനുയോജ്യമായ ചില പ്രൊപ്പോസലുകള്‍ ലഭിച്ചിട്ടുണ്ടെന്നും അവ പരിശോധിച്ചു വരികയാണെന്നും കമ്മീഷന്‍ സിറ്റിംഗില്‍ ഹാജരായ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. ഇവ പരിശോധിച്ച് ഒരു അഡീഷണല്‍ റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
പാര്‍വ്വതി പുത്തനാര്‍ ആരംഭിക്കുന്ന പൂന്തുറ മുതല്‍ അവസാനിക്കുന്ന വേളി കായല്‍ വരെയുള്ള ഭാഗത്തെ പ്ലാസ്റ്റിക്കുകളും മാലിന്യങ്ങളും അറവുമാലിന്യങ്ങളും നീക്കം ചെയ്ത് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള സ്ഥല സൗകര്യം ഉള്‍പ്പെടെയുള്ള പ്രൊപ്പോസലുകള്‍ നഗരസഭയുടെ സഹകരണത്തോടെ ഇന്‍ലന്റ് നാവിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കാലതാമസം കൂടാതെ നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. പ്രൊപ്പോസല്‍ ലഭിച്ചാല്‍ ഫണ്ട് അനുവദിക്കുമെന്ന് ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.
കരിയല്‍ തോടും പട്ടം തോടും വൃത്തിയാക്കാനുള്ള നടപടികള്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് സ്വീകരിക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഉള്ളൂര്‍ തോട്ടിലെ മാലിന്യങ്ങള്‍ നീക്കാന്‍ മേജര്‍ ഇറിഗേഷന്‍ നടപടിയെടുക്കണം.
ദുരന്ത നിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടര്‍ നടത്തിയ യോഗത്തിന്റെ തീരുമാനങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ യോഗം വിളിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. കേസ് 2026 ജനുവരിയില്‍ പരിഗണിക്കുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഹാജരാകണമെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നിര്‍ദ്ദേശിച്ചു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.
https://www.facebook.com/Malayalivartha

























 
 