താമരശ്ശേരി ഫ്രഷ് കട്ട് സംഘര്‍ഷ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്

കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് സംഘര്‍ഷ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്. ഫ്രഷ് കട്ട് പ്ലാന്റിന് 300 മീറ്റര്‍ ചുറ്റളവിലും, ഫ്രഷ് കട്ടിലേക്കുള്ള റോഡുകളുടെ 50 മീറ്ററിനുള്ളിലും, അമ്പായത്തോട് ജംഗ്ഷനില്‍ നൂറു മീറ്ററിനുള്ളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്നു മുതല്‍ അമ്പലമുക്കില്‍ സമരപന്തല്‍ കെട്ടി പ്രതിഷേധം തുടരുമെന്ന് സമര സമിതി പ്രഖ്യാപിച്ചിരുന്നു.
ഫാക്ടറി തുറക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ ഫ്രഷ് കട്ടിനെതിരായ പ്രതിഷേധം താല്‍കാലികമായി സമരസമിതി മാറ്റിവെച്ചിരുന്നു. സംസ്‌കരണ പ്ലാന്റ് തുറക്കുന്നതില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും ഉടമകള്‍ അറിയിച്ചു. പൊലീസ് സുരക്ഷ ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ പ്രവര്‍ത്തനം തുടങ്ങൂ എന്ന് ഉടമകള്‍ അറിയിച്ചിരുന്നു. പ്ലാന്റ് തുറന്നുപ്രവര്‍ത്തിച്ചാല്‍ സമരം ശക്തമായി തുടരുമെന്നും പ്ലാന്റിലേക്ക് വരുന്ന വാഹനങ്ങള്‍ തടയുമെന്നും സമരസമിതി പറഞ്ഞു.
സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ ഫ്രഷ് കട്ട് പ്ലാന്റിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഒരു ദിവസം സംസ്‌കരിക്കാവുന്ന മാലിന്യത്തിന്റെ അളവ് 20 ടണ്‍ ആക്കി ചുരുക്കി. വൈകിട്ട് ആറ് മുതല്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്. പഴകിയ അറവ് മാലിന്യങ്ങള്‍ പ്ലാന്റിലേക്ക് കൊണ്ടുവരുന്നത് പൂര്‍ണമായി നിര്‍ത്തിവയ്ക്കുകയും പുതിയ മാലിന്യങ്ങള്‍ മാത്രം സംസ്‌ക്കരിക്കുകയും ചെയ്യണമെന്നും നിബന്ധനിയില്‍ പറയുന്നുണ്ട്.
മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ശുചിത്വമിഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പ്ലാന്റില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. പ്ലാന്റിന്റെ പ്രവര്‍ത്തനം മാനദണ്ഡങ്ങള്‍ പാലിച്ചാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡും ശുചിത്വ മിഷനും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha

























 
 