രഞ്ജി ട്രോഫിയില്‍ കേരളം നാളെ കര്‍ണ്ണാടകയെ നേരിടും

തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്‌റ്റേഡിയത്തില്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം നാളെ കര്‍ണ്ണാടകയെ നേരിടും. ഈ വേദിയില്‍ നടക്കുന്ന ആദ്യ ഫസ്റ്റ് ക്ലാസ് മത്സരമെന്ന പ്രത്യേകത കൂടി കേരള - കര്‍ണ്ണാടക പോരാട്ടത്തിനുണ്ട്. ഈ സീസണില്‍ കേരളത്തിന്റെ മൂന്നാം മത്സരമാണ് ഇത്.
ആദ്യ മത്സരത്തില്‍ മഹാരാഷ്ട്രയ്ക്കും രണ്ടാം മത്സരത്തില്‍ പഞ്ചാബിനുമെതിരെ കേരളം ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയിരുന്നു. അതിനാല്‍ കര്‍ണ്ണാടകയ്‌ക്കെതിരെ മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് കേരളം കളിക്കാനിറങ്ങുക.രണ്ട് മത്സരങ്ങളില്‍ നിന്ന് നിലവില്‍ രണ്ട് പോയിന്റ് മാത്രമാണ് കേരളത്തിനുള്ളത്.
കര്‍ണ്ണാടകയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ സല്‍മാന്‍ നിസാറിനെയും പഞ്ചാബിനെതിരെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത വത്സല്‍ ഗോവിന്ദിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തിലായതിനാല്‍ സഞ്ജു സാംസനും നിലവില്‍ ടീമിനൊപ്പമില്ല.
പകരക്കാരായി കൃഷ്ണപ്രസാദ്, വൈശാഖ് ചന്ദ്രന്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാളിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന കര്‍ണ്ണാടക ടീം ശക്തമാണ്. കരുണ്‍ നായര്‍, അഭിനവ് മനോഹര്‍, ശ്രേയസ് ഗോപാല്‍, തുടങ്ങിയ കരുത്തരടങ്ങിയതാണ് കര്‍ണ്ണാടക ടീം. കഴിഞ്ഞ മത്സരത്തില്‍ കരുണ്‍ നായര്‍ പുറത്താകാതെ 174 റണ്‍സ് നേടിയിരുന്നു. രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റാണ് കര്‍ണ്ണാടകയ്ക്കുള്ളത്.
https://www.facebook.com/Malayalivartha

























 
 