സി.പി.എം ബാധയൊഴിപ്പിച്ചു: പൂഞ്ഞാറില്‍ പി.സി. ജോര്‍ജിന് ഇടതില്‍ സീറ്റില്ല

പൂഞ്ഞാറില്‍ പി.സി. ജോര്‍ജിന് ഇടതുപട്ടികയില്‍ ഇടമില്ല. ഈ സീറ്റ് ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരളാ കോണ്‍ഗ്രസിനു നല്‍കാന്‍ ഇന്നലെ തിരുവനന്തപുരത്തു ചേര്‍ന്ന സി.പി.എം. സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണ. നേരത്തെ കര്‍ഷക ഐക്യവേദി പൂഞ്ഞാര്‍ സീറ്റ് ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് പി.സി. ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വം സി.പി.എം. സംസ്ഥാന നേതൃത്വം ഗൗരവമായി പരിഗണിച്ചത്. കര്‍ഷക ഐക്യവേദി ആവശ്യപ്പെട്ട സീറ്റുകളൊന്നും കൊടുക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ അവരും ഇടതുമുന്നണിയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. അതുകൂടി പരിഗണിച്ചാണ് കര്‍ഷക ഐക്യവേദിക്കു കൂടി താല്‍പര്യമുള്ള ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തിനു സീറ്റ് നല്‍കാന്‍ സി.പി.എം. തീരുമാനിച്ചത്.
കര്‍ഷക ഐക്യവേദിയുടെ സ്ഥാപകരില്‍ ഒരാളും ജനാധിപത്യ കേരളാ കോണ്‍ഗ്രസിലെ പ്രമുഖനുമായ പി.സി. ജോസഫാകും ഇടതുപക്ഷ സ്ഥാനാര്‍ഥിയായി ഇവിടെ മത്സരിക്കുക.അതേസമയം, പി.സി. ജോര്‍ജ് ഇനിയും പ്രതീക്ഷ കൈവിട്ടിട്ടില്ല. അവസാന നിമിഷം ജോര്‍ജിനു തന്നെ പൂഞ്ഞാര്‍ സീറ്റ് ലഭിക്കുമെന്നാണു പ്രതീക്ഷയെന്ന് അദ്ദേഹത്തോട് അടുപ്പമുള്ള നേതാക്കള്‍ പറഞ്ഞു.
അതിനിടയില്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍നിന്ന് ഇത്തവണ മത്സരിക്കാന്‍ ഒരു വനിതാ സ്ഥാനാര്‍ഥിയും. ചര്‍ച്ച് ആക്ട് പ്രവര്‍ത്തകയും യുവ അഭിഭാഷകയുമായ ഇന്ദുലേഖാ ജോസഫാണ് പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍നിന്നു ജനവിധി തേടുന്നത്. അഞ്ചാം വയസില്‍ പാര്‍ലമെന്റിനു മുന്നില്‍ നൃത്തം ചെയ്തു പ്രതിഷേധിച്ചതിലൂടെ ശ്രദ്ധേയായ ഇന്ദുലേഖ കത്തോലിക്കാ സഭയുടെ തെറ്റായ സാമ്പത്തിക നയങ്ങള്‍ക്കെതിരേ ശക്തമായി രംഗത്തുവരികയും ചെയ്തിരുന്നു.
അനീതിക്കും അഴിമതിക്കുമെതിരേ പ്രവര്‍ത്തിക്കുക, അഴിമതി വിരുദ്ധ തരംഗം ജനങ്ങളില്‍ എത്തിക്കുക എന്നതാണു സ്ഥാനാര്‍ഥിയാകുന്നതിലൂടെ ഇന്ദുലേഖ ലക്ഷ്യമിടുന്നതെന്നു പിതാവ് ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പിന് അനാവശ്യമായി പണം ചെലവഴിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളും പി.സി. ജോര്‍ജിന്റെ അവസരവാദപരമായ രാഷ്ട്രീയവും ചര്‍ച്ചയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിക്കും കുടുംബത്തിനുമെതിരേ പി.സി. ജോര്‍ജ് ഓണ്‍ലൈന്‍ മാസികയില്‍ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഇന്ദുലേഖ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും അദ്ദേഹത്തിനെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. ഹൈക്കോടതിയില്‍ അഭിഭാഷകയായ ഇന്ദുലേഖ ഉടന്‍ തെരഞ്ഞെടുപ്പു രംഗത്തു സജീവമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha