മണി കടുത്ത നിരാശയിലായിരുന്നു: മണിയുടെ കൂട്ടുകാര്‍

കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത കണക്കിലെടുത്ത് കഴിഞ്ഞ ദിവസം അറസ്റ്റിലായ അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവര്‍ പോലീസിനു നല്‍കിയ മൊഴിയനുസരിച്ച് മണി കടുത്ത നിരാശയിലായിരുന്നു എന്ന് റിപ്പോര്‍ട്ട്. കരള്‍ രോഗമാണ് സമ്മര്‍ദത്തില്‍ ആക്കിയത്. മറ്റു ജോലി അന്വേഷിക്കണമെന്ന് പലപ്പോഴും പറഞ്ഞിരുന്നുവെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. ഈ മൊഴിയെക്കുറിച്ചും പൊലീസ് സംഘം അന്വേഷണം നടത്തുന്നുണ്ട്.
മണി ആശുപത്രിയിലായിരുന്നപ്പോള്‍ സഹായികളായ അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവര്‍ ഔട്ട്ഹൗസായ പാടി കഴുകി വൃത്തിയാക്കിയിരുന്നു. ഇത് തെളിവുകള്‍ നശിപ്പിക്കാനായിരുന്നുവെന്ന് മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സഹായികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
അതേസമയം, കലാഭവന്‍ മണിയുടെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ പൊലീസിനായിട്ടില്ല. രണ്ട് സാധ്യതയ്ക്കും തുല്യ പരിഗണന നല്‍കി അന്വേഷണം മുന്നോട്ടു കൊണ്ടു പോകാനാണ് പൊലീസ് ശ്രമിക്കുന്നത്. ആത്മഹത്യയെങ്കില്‍ അതിന്റെ കാരണം എന്തെന്ന് കണ്ടുപിടിക്കണം. മണി അറിയാതെ കീടനാശിനി കലക്കി കഴിപ്പിച്ചതാണെങ്കില്‍ അതിന്റെ സാധ്യതയും പരിശോധിക്കണം. അതിരൂക്ഷഗന്ധമുള്ള കീടനാശിനി മണി അറിയാതെ കഴിപ്പിക്കാന്‍ സാധിക്കുമോ എന്ന ചോദ്യവും പൊലീസിനെ കുഴക്കുന്നുണ്ട്. അങ്ങനെ കഴിക്കണമെങ്കില്‍ മണി മദ്യപിച്ചു ലക്കു കെട്ട സ്ഥിതിയിലായിരിക്കണമെന്നും നിരീക്ഷിക്കുന്നു.
അതീവഗുരുതരാവസ്ഥയില്‍ മണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്തോ മരണത്തിനു ശേഷം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴോ കീടനാശിനിയുടെ ഗന്ധം ഉണ്ടായിരുന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ പൊലീസിനു നല്‍കിയ മൊഴി. ഏതെങ്കിലും വിഷാംശം ശരീരത്തില്‍ കലര്‍ന്നാല്‍ ഗന്ധമുണ്ടാകും. വായില്‍ നിന്നു നുരയും പതയും വരാനും സാധ്യത ഉണ്ട്. എന്നാല്‍ മണിയുടെ കാര്യത്തില്‍ അങ്ങനെയായിരുന്നില്ല. അതുകൊണ്ടു തന്നെ മണിയുടെ ആന്തരികാവയവങ്ങള്‍ വീണ്ടും പരിശോധനയ്ക്ക് അയയ്ക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha