മണിയുടെ ജീവന്‍ എടുത്ത വില്ലന്‍ മയക്കാനുള്ള ഇഞ്ചക്ഷന്‍?

മണിയുടെ ജീവന്‍ എടുത്ത വില്ലന്‍ ഇഞ്ചക്ഷന്‍ എന്ന് റിപ്പോര്‍ട്ട്. കീടനാശിനിക്കും മെഥനോളിനും പുറമെ കലാഭവന്‍ മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ ലഹരിവസ്തുക്കളിലേറെയും ചികില്‍സയുടെ ഭാഗമായി ഉള്ളില്‍ എത്തിയതെന്ന് നിഗമനം. ഡയസപാമിന് പുറമെ, കഞ്ചാവിന്റെയും കറുപ്പിന്റെയും ചേരുവകളാണ് കൊച്ചി ആശുപത്രിയില്‍ നടത്തിയ ആദ്യ പരിശോധനയില്‍ കണ്ടെത്തിയത്.
മരണത്തിന് തൊട്ടുപിന്നാലെ കൊച്ചിയിലെ ആശൂപത്രിയില്‍ നിന്ന് പൊലീസിന് കൈമാറിയ മണിയുടെ ടോക്‌സിക്കോളജി റിപ്പോര്‍ട്ടാണിത്. ആശൂപത്രിയില്‍ പ്രവേശിപ്പിച്ചയുടന്‍ ശേഖരിച്ച രക്തത്തിന്റെയും മൂത്രത്തിന്റെയും സാംപിളുകള്‍ പരിശോധിച്ച് തയ്യാറാക്കിയത്. വിഷ മദ്യത്തിന്റെ ഘടകമായ മെഥനോള്‍ സാന്നിധ്യം ചൂണ്ടിക്കാട്ടിയത് ഈ റിപ്പോര്‍ട്ടാണ്. പുറമെയുള്ള മറ്റ് ഘടകങ്ങളാണ് ബെന്‍സോ ഡയസപാം, ഓപിയോയിഡ്‌സ്, കനാബിനോയിഡ്‌സ് എന്നിവ. ഇവയില്‍ ബെന്‍സോ ഡയസപാം കള്ളിന് വീര്യം കൂട്ടാനായി കേരളത്തില്‍ എല്ലാ പ്രദേശത്തും വ്യാപകമായി ചേര്‍ക്കുന്നതെങ്കിലും, മണിയുടെ ശരീരത്തില്‍ എത്തിയത് മയക്കാനുള്ള കുത്തിവയ്പ് വഴിയെന്നാണ് നിഗമനം.
ചികില്‍സക്ക് വിസമ്മതിച്ച മണിയെ കുത്തിവച്ച് മയക്കിയാണ് ആശൂപത്രിയില്‍ എത്തിച്ചതെന്ന് സുഹൃത്തായ ഡോക്ടര്‍ മൊഴി നല്‍കിയിരുന്നു. പേരെടുത്ത ലഹരിമരുന്നായ ഓപിയം അഥവാ കറുപ്പിന്റെ ഘടകമാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്ന ഓപിയോയിഡ്‌സ്. എന്നാല്‍ വേദനസഹാരികളില്‍ പലതിന്റെയും ഘടകമാണിത് എന്നതിനാല്‍ മണി കഴിച്ച ഏതെങ്കിലും മരുന്നുകള്‍ വഴിയാകാം ഇത് ഉണ്ടായതെന്നും പൊലീസ് നിഗമനത്തില്‍ എത്തി. പുറമെ കണ്ടെത്തിയ കനാബിനോയിഡ്‌സ് ഇങ്ങനെ ഏതെങ്കിലും മരുന്നുവഴി വരാന്‍ ഇടയില്ലെന്ന് വ്യക്തമാണ്.
കഞ്ചാവ് ഉപയോഗിച്ചാല്‍ മാത്രമേ ഇതിന് സാധ്യതയുള്ളൂ. ഈ പ്രദേശങ്ങളില്‍ ചില സംഘങ്ങള്‍ കഞ്ചാവുലേഹ്യം വ്യാപകമായി ഉപയോഗിക്കുന്നതായി വിവരമുണ്ടെങ്കിലും മരണകാരണമാകില്ല എന്നതിനാല്‍ അതിലേക്കൂള്ള അന്വേഷണം തല്‍ക്കാലം ആവശ്യമില്ലെന്ന് പൊലീസ് തുടക്കത്തിലേ തീരുമാനിച്ചു. മാത്രമല്ല, കഞ്ചാവിന്റെ സാന്നിധ്യം തീരെ ചെറിയ തോതിലാകാമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, മരണശേഷം കെമിക്കല്‍ ലാബിലെ പരിശോധനയില്‍ കണ്ടെത്തിയ കീടനാശിനിയുടെ സാന്നിധ്യം ഈ പരിശോധനയില്‍ കണ്ടെത്തിയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha