ഒളിച്ചോടിയ പെണ്‍കുട്ടിക്ക് കാമുകനൊപ്പം ജീവിക്കാന്‍ കോടതിയുടെ അനുമതി

വിവാഹപന്തലില്‍ നിന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിക്ക് ഇനി ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം ജീവിക്കാം. കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി തന്നെ ആരും തട്ടിക്കൊണ്ട് പോയതല്ലെന്ന് വ്യക്തമാക്കിയതോടെ കാമുകനൊപ്പം ജീവിക്കാനുള്ള അനുമതി കോടതി നല്‍കുകയായിരുന്നു. കാമുകനൊപ്പം ഇറങ്ങിപ്പോരുമ്പോള്‍ വിവാഹ വേഷത്തിനൊപ്പം ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ പെണ്‍കുട്ടി വീട്ടുകാര്‍ക്ക് തിരിച്ചുനല്‍കി.
കഴിഞ്ഞ ശനിയാഴ്ചയാണ് സിനിമയെ വെല്ലുന്ന ഒളിച്ചോട്ടത്തിന് കൊയിലാണ്ടിയില്‍ കളമൊരുങ്ങിയത്. വിവാഹത്തിന് തൊട്ടുമുമ്പ് സുഹൃത്തുക്കള്‍ എന്ന് പരിചയപ്പെടുത്തി ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി. തുടര്‍ന്ന് ഫോട്ടോയെടുക്കാന്‍ എന്ന വ്യാജേന പെണ്‍കുട്ടിയെ വീടിന് പുറത്തെത്തിച്ചു. ഈ സമയം പുറത്ത് കാത്തുനിന്ന കാമുകനൊപ്പം വിവാഹ വേഷത്തില്‍തന്നെ പെണ്‍കുട്ടി ബൈക്കില്‍ കയറി പോവുകയായിരുന്നു.
മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഉടന്‍തന്നെ പോലീസില്‍ പരാതി നല്‍കി. പോലീസ് നടപടി സ്വീകരിക്കുന്നില്ലായെന്ന് ചൂണ്ടിക്കാണിച്ച് ഇതിനിടയില്‍ നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തിരുന്നു.
ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയും കാമുകനും പയ്യോളി പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. തുടര്‍ന്ന് കൊയിലാണ്ടി സി.ഐ ഇരുവരെയും കസ്റ്റഡിയിലെടുത്ത് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.ഇരുവരെയും കോടതിയില്‍ ഹാജരാക്കിയതറിഞ്ഞ് വന്‍ ജനക്കൂട്ടവും കോടതി പരിസരത്ത്.
മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിന് മറുപടിയായി തന്നെ ആരും തട്ടിക്കൊണ്ടു പോയതല്ലെന്ന് പെണ്‍കുട്ടി വ്യക്തമാക്കി. തുടര്‍ന്ന് മജിസ്‌ട്രേറ്റ് ഇരുവരോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഇരുവര്‍ക്കും പ്രായപൂര്‍ത്തി ആയതിനാല്‍ ഇഷ്ടമുള്ള ആള്‍ക്കൊപ്പം കഴിയാന്‍ ഒടുവില്‍ പെണ്‍കുട്ടിക്ക് കോടതി അനുവാദവും നല്‍കി. നമ്പ്രത്തുകര സംസ്‌കൃത കോളജിലെ ബിരുദ വിദ്യാര്‍ത്ഥികളാണ് ഇരുവരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha