കണ്ണൂര്‍ രാജേന്ദ്രനഗര്‍ കോളനിയില്‍ വന്‍ സ്‌ഫോടനം: ഇരുനില വീട് പൂര്‍ണമായും തകര്‍ന്നു, അഞ്ചുപേര്‍ക്കു പരുക്ക്

കണ്ണൂരില്‍ പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ കോളനിയിലെ വീട്ടില്‍ രാത്രി പതിനൊന്നരയോടെ വന്‍ സ്‌ഫോടനം. ഇരുനില വീട് പൂര്‍ണമായും തകര്‍ന്നു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. അലവില്‍ സ്വദേശിയായ അനൂപ് മാലിക് എന്നയാളും കുടുംബവും വാടകയ്ക്കു താമസിച്ചിരുന്ന വീടാണ് തകര്‍ന്നത്. അനൂപ് മാലിക് സംഭവസമയത്തു സ്ഥലത്തുണ്ടായിരുന്നില്ല. മകള്‍ ഹിബ, ഭാര്യ റാഹില എന്നിവര്‍ക്കാണു പരുക്കേറ്റത്. നാല്‍പതു ശതമാനത്തോളം പൊള്ളലേറ്റ ഹിബയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിസരവാസികളായ മറ്റു മൂന്നുപേര്‍ക്കും പരുക്കുണ്ട്.
പ്രദേശത്താകെ വെടിമരുന്നിന്റെ രൂക്ഷഗന്ധമാണ്. കഥാകൃത്ത് ടി. പത്മനാഭന്റെ വീടിന് ഉള്‍പ്പെടെ സമീപത്തെ പത്തോളം വീടുകള്‍ക്കു സാരമായ കേടുപാടുണ്ട്. വന്‍ ശബ്ദത്തോടെയായിരുന്നു സ്‌ഫോടനം. തകര്‍ന്ന വീടിന്റെ ചെങ്കല്‍ച്ചീളുകള്‍ നൂറുമീറ്ററിലേറെ അകലെവരെ തെറിച്ചുവീണു. വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട കാറും പൂര്‍ണമായും തകര്‍ന്നു.മൂന്നു കിലോമീറ്റര്‍ ചുറ്റളവിലെ ഒട്ടേറെ വീടുകളുടെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. അഞ്ചു കിലോമീറ്റര്‍ ദൂരെവരെ സ്‌ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി.
പ്രദേശത്ത് വൈദ്യുതി മുടങ്ങിയതിനാല്‍ സംഭവസ്ഥലമാകെ ഇരുട്ടിലാണ്. പൊലീസും അഗ്‌നിശമനസേനയും സംഭവസ്ഥലത്തെത്തി. വന്‍ ജനക്കൂട്ടവും വിവരം അറിഞ്ഞ് എത്തിയിട്ടുണ്ട്. സ്‌ഫോടനത്തെത്തുടര്‍ന്ന് പ്രദേശത്തെ ജനലുകളും വാതിലുകളും കുലുങ്ങിയത് നാട്ടുകാരെ പരിഭ്രാന്തരാക്കി. ഭൂമികുലുക്കമാണെന്നു കരുതി പലരും വീടിനു പുറത്തിറങ്ങി നിന്നു.
അനധികൃത പടക്കശേഖരമാണ് പൊട്ടിത്തെറിച്ചതെന്നു സംഭവസ്ഥലം സന്ദര്‍ശിച്ച ജില്ലാ പൊലീസ് ചീഫ് ഹരിശങ്കര്‍ പറഞ്ഞു. ആരാണ് സ്‌ഫോടകവസ്തു ശേഖരത്തിനു പിന്നിലെന്നു വിവരം ലഭിച്ചതായി അദ്ദേഹം അറിയിച്ചു. സംഭവസ്ഥലത്തു നിന്നു കണ്ടെടുത്ത പൊട്ടാതെ കിടന്ന സ്‌ഫോടക വസ്തുക്കള്‍ ബോംബ് സ്‌ക്വാഡ് രാത്രിതന്നെ നിര്‍വീര്യമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha