ഈസ്റ്ററിന്റെ കാലിക പ്രസക്തി

പീഡാനുഭവവാരം അല്ലെങ്കില്‍ കഷ്ടാനുഭവവാരം ആചരിച്ചു കഴിഞ്ഞ് ക്രൈസ്തവര്‍ പ്രത്യാശയോടെ കാത്തിരിക്കുകയാണ്. ഈസ്റ്റര്‍ ഞായര്‍ എന്ന ഉയിര്‍പ്പിന്‍ ദിനം അവര്‍ക്കായി കൊണ്ടു വരുന്നത് പുതിയ ഉറപ്പുകളും പ്രതീക്ഷകളുമാണ്. മുപ്പത്തിമൂന്നര വയസ്സു വരെ മാത്രമാണ് യേശു മനുഷ്യപുത്രനായി ജീവിച്ചിരുന്നത്. യേശു ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തില്‍ വിശ്വസിച്ചിരുന്നവരും യേശുവിനെ നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നവരുമായി രണ്ടു പക്ഷക്കാരുള്‍പ്പെടുന്ന ജനസമൂഹത്തിന്റെ പ്രതീക്ഷകളെന്തായിരിക്കുമെന്നു ചിന്തിച്ചു നോക്കൂ.
യേശു ദൈവ പുത്രനാണെന്നും മനുഷ്യര്‍ക്ക് പാപസൗഖ്യം നല്‍കാനെത്തിയ മിശിഹാ ആണെന്നും കരുതിയവരാണ് അവനില്‍ വിശ്വസിച്ചവര്‍. എന്നാല്‍ യഹൂദരുടെ മിശിഹാ ഇതാണെന്ന വ്യാജ പ്രചരണം നടത്തി അധികാരവും വാഴ്ചയും പിടിച്ചടക്കാനെത്തിയ, മിശിഹായുടെ അപരന്‍ മാത്രമാണ് യേശു എന്നു കരുതിയവര്‍ ആണ് അവനെ വിശ്വസിക്കാതിരുന്നവര്‍.
അന്നത്തെ ആ ദുഖ വെള്ളിയാഴ്ച ദിവസത്തില്‍ അവനെ ക്രൂശിലേറ്റിയപ്പോള്‍ ഈ ഇരുപക്ഷക്കാരുടെയും പ്രതീക്ഷകള്‍ എന്തായിരുന്നിരിക്കും.
യേശു ക്രൂശില്‍ മരിച്ചതോടെ ദേശത്തു സംഭവിച്ച കാലാവസ്ഥാ മാറ്റങ്ങളെ കുറിച്ച് ക്രൈസ്തവരുടെ വേദ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പകല്‍ മൂന്നാം മണിക്ക് ദേശത്താകമാനം ഇരുട്ട് വ്യാപിച്ചുവെന്നും മറ്റും രേഖപ്പെടുത്തിയിരിക്കുന്നത് തെളിവായി എടുക്കുകയാണെങ്കില്‍, യേശുവിനെ വിശ്വസിച്ചിരുന്നവര്‍ക്ക് പുതിയ പ്രതീക്ഷ ആ ദുഖവെള്ളി ദിനത്തില്‍ തന്നെ ഉണ്ടായിട്ടുണ്ടാവും. ജീവിച്ചിരിക്കവേ തന്നെ, താന്‍ മരിച്ചിട്ട് മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന സൂചന യേശു നല്‍കിയിട്ടുണ്ടായിരുന്നതിനാല്‍ അവനെ മിശിഹായായി കരുതിയിരുന്നവര്‍ ഈസ്റ്റര്‍ ദിനമെന്ന മൂന്നാം നാള്‍ എത്താന്‍ കാത്തിരിക്കുകയായിരുന്നിരിക്കണം. മരിച്ചടക്കപ്പെട്ട അവരുടെ യേശു മൂന്നാംദിനത്തില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെങ്കില്‍ അവരുടെ വിശ്വാസം തെറ്റിപ്പോയില്ല എന്ന് മറ്റുള്ളവരുടെ മുന്വില്‍ അവര്‍ക്കു തെളിയിക്കാന്‍ ഇടവരും. തന്മൂലം യേശുവിന്റെ വിശ്വാസികള്‍ക്ക് വിശ്വാസത്തിന്റെ ഉറപ്പെന്ന പുതിയ പ്രത്യാശയിലേക്കുള്ള വഴി തുറക്കുന്ന ദിവസമാണ് ദു:ഖവെള്ളിയാഴ്ച.
എന്നാല്‍ യേശുവിനെ നശിപ്പിക്കാന്‍ നടന്നിരുന്നവരുടെ പ്രതീക്ഷ എന്തായിരുന്നിരിക്കും. തന്റെ മരണത്തിനുശേഷം സംഭവിക്കുമെന്ന് യേശു ജീവിച്ചിരിക്കുമ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ അതുപോലെ സംഭവിക്കരുതേ എന്ന ചിന്തായായിരുന്നിരിക്കും അവര്‍ക്കുണ്ടായിട്ടുണ്ടാവുക. അതു കൊണ്ടാണ്, മരിച്ചതിന്റെ മൂന്നാം നാള്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നും, അങ്ങനെ സംഭവിച്ചെന്ന് വരുത്തീതീര്‍ക്കാന്‍ അവന്റെ ശിഷ്യന്മാര്‍ വന്ന് അവന്റെ ശരീരം കട്ടെടുത്തു കൊണ്ടു പോകാന്‍ സാധ്യതയുള്ളതിനാല്‍ കല്ലറയ്ക്ക് വന്‍ കാവല്‍ ഏര്‍പ്പെടുത്തണമെന്നും അധികാരികളോട് ആവശ്യപ്പെട്ടത്. അതിന്‍പ്രകാരം കല്ലറയുടെ കാവല്‍ ശക്തമാക്കുകയും ചെയ്തു.
ഒടുവില്‍ മൂന്നാംനാള്‍ എന്ന ഈസ്റ്റര്‍ ദിനത്തില്‍ എന്താണ് സംഭവിച്ചത്? മുമ്പ് വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ട് കല്ലെറിഞ്ഞു കൊല്ലാന്‍ യേശുവിന്റെ മുന്നിലെത്തിച്ചപ്പോള്‍ നിങ്ങളില്‍ പാപം ചെയ്തിട്ടില്ലാത്തവന്‍ ആദ്യത്തെ കല്ലെറിയാന്‍ യേശു ആവശ്യപ്പെട്ടപ്പോള്‍, ആരാലും കല്ലെറിയപ്പെടാതെ അവശേഷിച്ച മഗ്ദലമറിയയോട്, നിന്റെ പാപങ്ങള്‍ മോചിച്ചിരിക്കുന്നു. ഇനി പാപം ചെയ്യരുത് എന്ന് ഉപദേശിച്ച് അയച്ച അതേ മഗ്ദലന മറിയയാണ് നേരം വെളുക്കുന്നതിനു മുമ്പേ എഴുന്നേറ്റ് അവന്റെ കല്ലറ തിരഞ്ഞു പോയത്.
രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് ആ ദേശത്തു നടന്ന ക്രൂശ് ചുമപ്പിക്കലും ക്രൂശിലേറ്റലും, ക്രൂശു മരണവും തുടര്‍ന്നുള്ള ബഹളങ്ങളെല്ലാം അറിഞ്ഞ മഗ്ദലനമറിയയുടെ പ്രതീക്ഷ എന്തായിരുന്നിരിക്കും? ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നു പറഞ്ഞിരുന്ന മിശിഹായെ അന്വേഷിച്ച് അതികാലത്തേ അവള്‍ പുറപ്പെട്ടു എന്നാണ് ബൈബിളില്‍ പറയുന്നത്. ഇസ്രായേലില്‍ ശീതകാലമായിരുന്നു. ആ അതിശൈത്യത്തെ വകവയ്ക്കാതെ കൊച്ചു വെളുപ്പാന്‍ കാലത്തേ ഒറ്റയ്‌ക്കൊരു സ്ത്രീ കല്ലറ തിരഞ്ഞു പോകുന്നതിനെ കുറിച്ചു സങ്കല്‍പ്പിച്ചു നോക്കൂ. അവള്‍ തലേന്ന് ഉറങ്ങിയിട്ടുണ്ടാവുമോ എന്നു തന്നെ സംശയമാണ്.
യേശുവിന്റെ കല്ലറയിലേയ്ക്കുള്ള പ്രവേശന കവാടം ഒരു വലിയ കല്ലുരുട്ടി വച്ച് അടച്ചിരുന്നത് അവള്‍ക്ക് തനിയെ നീക്കാനാവുമായിരുന്നില്ലത്രേ. ഒടുവില്‍ കാവല്‍ക്കാരുടെ സഹായത്തോടെ അതു നീക്കി കല്ലറയ്ക്കുള്ളിലേയ്ക്കു നോക്കിയ അവള്‍ക്ക് അവിടെ യേശുവിന്റെ ശരീരം കാണാനായില്ല. അവന്റെ ശരീരം പൊതിഞ്ഞിരുന്ന ശീലകള്‍ മാത്രമാണ് കണ്ടത്. തുടര്‍ന്ന് അവിടെ നിന്നും ദുഖത്തോടെ മടങ്ങുന്ന അവളുടെ മുമ്പിലാണ് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
എല്ലാവരും നികൃഷ്ടയായി കാണുന്ന ഒരു ലൈംഗികത്തൊഴിലാളിയുടെ മുന്നിലാണ് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു ആദ്യമായി പ്രത്യക്ഷപ്പെട്ടത് എന്നത്, ഒരിക്കല്‍ പാപമോചനം പ്രാപിച്ചു കഴിഞ്ഞാല്‍ പിന്നീട് പാപിയായി ദൈവം കണക്കാക്കുന്നില്ല എന്ന ദൈവിക സത്യം അടിവരയിട്ട് ഉറപ്പിക്കുകയാണ് ചെയ്യുന്നത്.
അഴിമതിയും, അക്രമവും സ്വജനപക്ഷപാതവും, കൊടികുത്തിവാഴുന്ന ആനുകാലിക സാമൂഹ്യ ചുറ്റുപാടില്‍ നന്മയ്ക്കായി നിലകൊള്ളുന്നവര്‍ പ്രാതികൂല്യങ്ങള്‍ക്കിടയിലും, തിന്മയ്‌ക്കെതിരെയുള്ള യുദ്ധം കൈവിട്ടു കളയാതെ, ആത്യന്തിക വിജയം നന്മയുടെ പക്ഷത്തിനു തന്നെ ആയിരിക്കുമെന്ന വിശ്വാസത്തില്‍ ഉറച്ചു നിന്നു പൊരുതണമെന്ന പ്രത്യാശയുടെ സന്ദേശം തന്നെയാണ് ഈ ഈസ്റ്റര്‍ ദിനവും നല്‍കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha