സ്വാതന്ത്ര്യ സമരസേനാനിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ പയ്യപ്പിള്ളി ബാലന്‍ അന്തരിച്ചു

സ്വാതന്ത്ര്യ സമരസേനാനിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും പ്രശസ്ത എഴുത്തുകാരനുമായ പയ്യപ്പിള്ളി ബാലന്‍ (91) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിപിഎം കളമശേരി ഏരിയ കമ്മിറ്റി അംഗവും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ഏലൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. അബുദാബി ശക്തി പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണക്കേസിലും പിന്നീട് അടിയന്തരാവസ്ഥയിലും തടവിലാക്കപ്പെട്ടു.
ആലുവ അദൈ്വതാശ്രമം സംസ്‌കൃതപാഠശാല വിദ്യാര്‍ഥിയായിരിക്കെ 13-ാം വയസ്സില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭത്തിന് പിന്തുണയര്‍പ്പിച്ചാണ് പൊതുരംഗത്ത് എത്തിയത്. പിന്നീട് ഇടപ്പള്ളി ഇംഗ്ലീഷ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ 1942 ഓഗസ്റ്റ് ഒമ്പതിന് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിലും പങ്കാളിയായി. 1945ല്‍ ആലുവ യുസി കോളേജില്‍ വിദ്യാര്‍ഥി ഫെഡറേഷന്റെ സജീവ പ്രവര്‍ത്തകനായി. ഇടപ്പള്ളി സംഭവവും ഈ കേസിലെ പ്രതികള്‍ തടവറയില്‍ അനുഭവിച്ച പീഡനങ്ങളും വിവരിച്ച 'ആലുവാപ്പുഴ പിന്നെയും ഒഴുകി' ആണ് പയ്യപ്പിള്ളി ബാലന്റെ പ്രധാന കൃതി. 'ആലുവ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ആദ്യനാളുകള്‍', 'മായാത്ത സ്മരണകള്‍ മങ്ങാത്ത മുഖങ്ങള്‍(രണ്ടു ഭാഗം)', 'പാലിയം സമരകഥ', 'പൊരുതിവീണവര്‍', 'സ്റ്റാലിന്റെ പ്രസക്തി', ചരിത്രം പൊളിച്ചെഴുതുകയോ, എന്നീ പുസ്തകങ്ങളും രചിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha