മന്ത്രിയെ രക്ഷിക്കാൻ തന്ത്രിയെ കുരുക്കി? ഇ.ഡി വരവ് കണ്ടുള്ള മൂവ് രാജീവരോട് സർക്കാർ പകരം വീട്ടി

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഗൂഢാലോചനയിൽ തന്ത്രി പങ്കാളിയെന്നാണ് എസ്ഐടിയുടെ അറസ്റ്റ് റിപ്പോര്‍ട്ടിലുള്ളത്. കട്ടിളപ്പാളികൾ കൊണ്ടുപോകുന്നത് തന്ത്രി തടഞ്ഞില്ലെന്നും ശബരിമലയിലെ മുഖ്യപുരോഹിതനായ തന്ത്രി ആചാരങ്ങൾ പാലിച്ചില്ലെന്നും അറസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. സ്വർണം പതിച്ചതാണെന്ന് അറിവുണ്ടായിരുന്നിട്ടും വീഴ്ചവരുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. പാളികൾ കൊണ്ടുപോകുന്നത് ആചാരലംഘനമെന്ന് ബോർഡിനെ അറിയിച്ചില്ലെന്നും അറസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. തന്ത്രി മറ്റു പ്രതികള്‍ക്കൊപ്പം ഗൂഢാലോചന നടത്തി ദേവസ്വം ബോര്‍ഡിന് നഷ്ടമുണ്ടാക്കിയെന്നും തന്ത്രിയുടെ അനുമതിയോടെയല്ല കട്ടിളപ്പാളികള്‍ കൊണ്ടുപോയതെന്നും എന്നിട്ടും ഇക്കാര്യം ദേവസ്വം ബോര്‍ഡിനെയോ ബന്ധപ്പെട്ടവരെയോ അറിയിച്ചില്ലെന്നും എസ്ഐടി റിപ്പോര്‍ട്ടിൽ പറയുന്നു. രാജീവരെ അറസ്റ്റ് ചെയ്തതോടെ ശബരിമല കൊള്ള ശബരിമലക്കുള്ളിൽ തന്നെ നടന്ന ഒന്നാണെന്ന് വരുത്തിതീർക്കാൻ സർക്കാരിന് കഴിഞ്ഞു. ഇതുതന്നെയായിരുന്നു സർക്കാരിന്റെ ലക്ഷ്യം. മാധ്യമങ്ങൾ പൂർണമായി തന്ത്രിക്ക് പിന്നിൽ അണിനിരന്നു. തന്ത്രി സ്വർണം കട്ടതായി റിമാന്റ് റിപോർട്ടിൽ പറയുന്നില്ല. തികച്ചും സാങ്കേതികമായ പിഴവുകളാണ് തന്ത്രിയെ കുറിച്ച് പറയുന്നത്.എന്നിട്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിയെ തനിക്ക് പരിചയപ്പെടുത്തിയത് മന്ത്രിയാണെന്ന് പത്മകുമാർ പറഞ്ഞതായുള്ള മൊഴി പുറത്തുവന്നിട്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്തില്ല. ഇതിൽ നിന്നും സ്വർണകൊള്ള ശബരിമലയിലെ ആഭ്യന്തരകാര്യമാണെന്ന് വരുത്തിതീർക്കാനുള്ള സർക്കാർ ശ്രമം പുറത്തു വന്നു. തന്ത്രിയെ അപമാനിച്ച് ശബരിമലയെ മോശമാക്കാനാണ് സർക്കാർ ശ്രമം. ഇതിനെതിരെ കുമ്മനം രാജശേഖരൻ അടക്കമുള്ള ബി ജെ പി നേതാക്കൾ രംഗത്തെത്തി കഴിഞ്ഞു.
ദേവസ്വം ബോര്‍ഡിൽ നിന്ന് ശമ്പളം പറ്റുന്ന വ്യക്തിയായ തന്ത്രി ഇക്കാര്യത്തിൽ വീഴ്ച വരുത്തിയെന്നാണ് എസ്ഐടി കണ്ടെത്തൽ. അനുമതിയില്ലാതെ കൊണ്ടുപോയെന്ന് തന്ത്രി അധികൃതരെ അറിയിച്ചില്ലെന്നും പാളികള്‍ ഇളക്കുന്ന ദിവസം ഉള്‍പ്പെടെ ശബരിമലയിൽ ഉണ്ടായിട്ടും മൗനാനുവാദം നൽകിയെന്നും തന്ത്രിയുടേത് കുറ്റകരമായ മൗനാനുവാദമാണെന്നുമാണ് എസ്ഐടിയുടെ അറസ്റ്റ് നോട്ടീസിൽ പറയുന്നത്.ദേവന്‍റെ അനുജ്ഞ വാങ്ങാതെയാണ് കട്ടിളപ്പാളികള്‍ കൈമാറിയതെന്നും അറസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പോറ്റിക്ക് പാളികൾ കൈമാറിയപ്പോൾ തന്ത്രി തടഞ്ഞില്ലെന്നും ആചാര ലംഘനത്തിനെതിരെ യാതൊരു നടപടിയും തന്ത്രി സ്വീകരിച്ചില്ലെന്നും കട്ടിളപ്പാളി കൊണ്ടുപോകാൻ ഒത്താശ ചെയ്തുവെന്നും അറസ്റ്റ് റിപ്പോര്‍ട്ടിൽ പറയുന്നു. കട്ടിള ഇളക്കുന്നത് തന്ത്രിയുടെ പണിയല്ല.അത് ദേവസ്വം ബോർഡിന്റെ ജോലിയാണ്.
തന്ത്രിക്ക് ദേവസ്വം ബോർഡിന്‍റെ തീരുമാനം തടസപ്പെടുത്താൻ തന്ത്രിക്ക് അധികാരമില്ലെന്ന് തന്ത്രിയുടെ അഭിഭാഷകൻ അഡ്വ. സിഡി അനിൽ പ്രതികരിച്ചു. തന്ത്രി ഒരു കീഴുദ്യോഗസ്ഥൻ മാത്രമാണെന്നും അറസ്റ്റ് നടപടിയിൽ തന്ത്രിയുടെ മൗലികാവകാശം ലംഘിക്കപ്പെട്ടുവെന്നും അനിൽ പറഞ്ഞു. തന്ത്രിക്ക് യാതൊരു സാമ്പത്തിക ലാഭവുമില്ലെന്നും ആചാരലംഘനം നടത്തിയെന്ന് പറയുന്നത് നിയമപരമായി നിലനിൽക്കാത്ത വാദമാണെന്നും അനിൽ പറഞ്ഞു. തന്ത്രിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സഖാക്കൾ സമൂഹ മാധ്യമത്തിൽ അത് ആഘോഷിക്കാൻ തുടങ്ങിയതോടെയാണ് തന്ത്രിയുടെ അറസ്റ്റിൽ ചിലർക്കെങ്കിലും സംശയം തോന്നിയത്. ഇ.ഡി. വന്നാൽ കടകം പള്ളി അകത്താകുമെന്ന് മനസിലാക്കിയാണ് പുതിയ നടപടിയെന്ന് കരുതാം. കേസെടുത്തതിന് പിന്നാലെ ഇ.ഡി എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്(ഇ.സി.ഐ.ആർ) രജിസ്റ്റർ ചെയ്തു. ക്രിമിനൽ കേസുകൾ അന്വേഷിക്കാൻ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് പോലെയുള്ള നടപടിയാണ് ഇ.സി.ഐ.ആർ.
കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഒറ്റക്കേസായി പരിഗണിച്ച് ക്രൈംബ്രാഞ്ച് എഫ്.ഐ.ആറിലെ എല്ലാവരെയും പ്രതികളാക്കിയാണ് ഇ.ഡി അന്വേഷണം നടക്കുക.
കൊല്ലം വിജിലൻസ് കോടതി ഉത്തരവനുസരിച്ചാണ് ശബരിമല കേസ് ഇ.ഡി അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഇ.ഡിക്ക് കൈമാറാൻ കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതികളുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടും.കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ബെള്ളാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ എന്നിവർ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകളാണ് ഇ.ഡി ആദ്യഘട്ടത്തിൽ പരിശോധിക്കുക. കൊച്ചി അഡി.ഡയറക്ടർ രാകേഷ് കുമാറിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.
ശബരിമല സ്വർണക്കൊള്ളയിൽ ഇ.ഡി അന്വേഷിക്കേണ്ടതില്ലെന്ന നിലപാടായിരുന്നു സർക്കാരും ദേവസ്വം ബോർഡും എസ്.ഐ.ടിയും സ്വീകരിച്ചത്.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി കണ്ഠരര് രാജീവർക്ക് അടുത്ത ബന്ധമുണ്ടെന്നും ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണായക പങ്കുണ്ടെന്നുമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് കണ്ഠരര് രാജീവരാണെന്ന് പത്മകുമാറടക്കം മൊഴി നൽകിയിരുന്നെന്നാണ് വിവരം. ഈ മൊഴികളുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാവിലെയാണ് എസ്ഐടി ഓഫീസിലേക്ക് രാജീവരെ വിളിച്ചുവരുത്തിയത്.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ താന്ത്രികവിധിപ്രകാരമുള്ള കാര്യങ്ങള്‍ മാത്രമാണ് അവിടെ താന്‍ ചെയ്തിട്ടുള്ളൂവെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. തീരുമാനങ്ങള്‍ക്ക് ദൈവഹിതം നോക്കി അനുമതി നല്‍കുക മാത്രമാണ് തന്റെ ജോലിയെന്നും കണ്ഠരര് രാജീവര് മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ തനിക്ക് അറിയാം. എന്നാല്‍ പോറ്റിയെ അവിടെ കൊണ്ടുവന്നത് താനല്ലെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണം പൊതിഞ്ഞ കവചങ്ങളായിരുന്നു ദ്വാരപാലക ശിൽപത്തിലുണ്ടായിരുന്നതെന്ന് കണ്ഠരര് രാജീവര് പറഞ്ഞു. വെറും ചെമ്പ് ഒരിടത്തും വെയ്ക്കാറില്ല. സംഭവത്തില്‍ കോടതി അന്വേഷണത്തിന് ഉത്തരവിട്ടതാണ്. കോടതിയില്‍ വിശ്വാസമുണ്ട്. സത്യം തെളിഞ്ഞുവരുമെന്നാണ് വിശ്വാസമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.
2019-ല്‍ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് തന്റെ അനുമതിയോടെയല്ല. നവീകരണത്തിന് തന്റെ അനുമതി തേടി കത്തുതന്നിരുന്നു. കേടുപാടുകള്‍ പറ്റിയാല്‍ അറ്റകുറ്റപ്പണികള്‍ നടത്താം. അതിനാല്‍ അനുവാദം കൊടുത്തു. പക്ഷേ, പുറത്തുകൊണ്ടുപോവുന്ന കാര്യത്തെക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. അവിടെവെച്ച് നവീകരിക്കുമെന്നാണ് കരുതിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉണ്ണികൃഷ്ണന്‍ പോറ്റിയെ നേരത്തേ പരിചയമുണ്ട്. ഇങ്ങനെയുള്ള ആളാണെന്നൊന്നും അറിയുമായിരുന്നില്ല. ശബരിമലയില്‍ ശാന്തിയുടെ കൂടെ അഞ്ചെട്ടുവര്‍ഷം നിന്നിട്ടുള്ള ആളാണ്. ആ പരിചയമുണ്ട്. എല്ലാ മാസവും അവിടെ വരാറും തൊഴാറുമുണ്ട്. അങ്ങനെ വന്നപ്പോള്‍ കല്യാണത്തിന്റെ കാര്യമൊക്കെ ചോദിച്ചപ്പോള്‍ അദ്ദേഹത്തെയും ക്ഷണിച്ചിട്ടുണ്ട്. അതല്ലാതെ ഉണ്ണികൃഷ്ണന്‍ പോറ്റിയെക്കുറിച്ചുള്ള മറ്റു പശ്ചാത്തലങ്ങളൊന്നും അറിയില്ല.
സ്വർണപ്പാളി വിവാദം ഭക്തര്‍ക്കിടയില്‍ വളരെ വിഷമമുണ്ടാക്കിയിട്ടുണ്ട്. വേദനാജനകമാണത്. വിശ്വാസികള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു. കൊണ്ടുപോയ പാളികള്‍ തന്നെയാണോ കൊണ്ടുവന്നത് എന്നതിനെക്കുറിച്ച് അറിയില്ല. പൂജാകാര്യങ്ങളുമായാണ് തനിക്ക് ബന്ധമുള്ളത്. വിജയ് മല്യ ശബരിമലയില്‍ സമര്‍പ്പിച്ചത് സ്വര്‍ണം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
'താന്ത്രികവിധിപ്രകാരമുള്ള കാര്യങ്ങള്‍ മാത്രമാണ് താന്‍ അവിടെ ചെയ്തിട്ടുള്ളൂ. ക്ഷേത്രത്തിലെ സ്ഥാവര ജംഗമ വസ്തുക്കളുടെയെല്ലാം കസ്റ്റോഡിയന്‍ ദേവസ്വം ബോര്‍ഡ് ആണ്. അതില്‍ നമുക്ക് ഒരു ബന്ധവുമില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാം. ഉണ്ണികൃഷ്ണന്‍ പോറ്റി അവിടെ വര്‍ക്ക് ചെയ്ത ആളല്ലേ. അറിയാതിരിക്കുമോ. പോറ്റിയെ കൊണ്ടുവന്നത് താനല്ല. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ എസ്‌ഐടിയോട് പറഞ്ഞിട്ടുണ്ട്.'- കണ്ഠരര് രാജീവര് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ സൂചിപ്പിച്ച 'ദൈവതുല്യര്‍ ആരെന്ന് തനിക്കറിയില്ലെന്നും കണ്ഠര് രാജീവര് പറഞ്ഞു. 'ദൈവതുല്യരായ എത്രയോ പേരുണ്ട്. ഞാന്‍ എങ്ങനെ അറിയാനാണ്'- കണ്ഠരര് രാജീവര് ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
അതിനിടെ ശബരിമല സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് തന്ത്രിമാരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. കണ്ഠരര് രാജീവര്,കണ്ഠരര് മോഹനര് എന്നിവരുടെ മൊഴിയാണ് എടുത്തത്. എസ്ഐടി ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു മൊഴിയെടുപ്പ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയുമെന്നും, പരിചയമുണ്ടെന്നും തന്ത്രിമാര്‍ മൊഴി നല്‍കി. ശബരിമലയിലെ പ്രവൃത്തികള്‍ തീരുമാനിക്കുന്നത് ദേവസ്വം ബോര്‍ഡ് ആണെന്നും തന്ത്രിമാര്‍ അറിയിച്ചു.
ശബരിമലയില്‍ നടത്തുന്ന അറ്റകുറ്റപ്പണികളോ, മറ്റു പ്രവര്‍ത്തനങ്ങളോ ദേവസ്വം ബോര്‍ഡ് യോഗമാണ് തീരുമാനിക്കുന്നത്. ഇതൊന്നും തന്ത്രിമാര്‍ തീരുമാനിച്ച് ബോര്‍ഡിന് നിര്‍ദേശം നല്‍കുന്നതല്ല. ആചാരപരമായ പ്രശ്നങ്ങളുണ്ടോ എന്ന കാര്യം മാത്രമാണ് തന്ത്രിമാരോട് ചോദിക്കാറുള്ളത്. കട്ടിളപ്പാളിയും ദ്വാരപാലകശില്‍പ്പങ്ങളും സ്വര്‍ണം പൂശാനും വാതില്‍ അറ്റകുറ്റപ്പണിക്കും ദേവസ്വം ബോര്‍ഡും ഉദ്യോഗസ്ഥരുമാണ് തീരുമാനമെടുത്തത്. ദൈവഹിതം നോക്കി അനുമതി നല്‍കുക മാത്രമാണ് തന്ത്രിമാരുടെ ചുമതലയെന്നും മൊഴി നല്‍കിയിട്ടുണ്ട്.
ശബരിമലയില്‍ നിരന്തരം വരുന്നയാള്‍, നേരത്തെ കീഴ് ശാന്തിയായി ജോലി ചെയ്ത ആള്‍, ബംഗളൂരുവിലെ ക്ഷേത്രങ്ങളില്‍ ജോലി ചെയ്തയാള്‍ എന്നീ നിലകളിലുള്ള പരിചയം മാത്രമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഉള്ളത്. അതിനപ്പുറം മറ്റു ബന്ധങ്ങളോ, സാമ്പത്തിക ഇടപാടുകളോ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഇല്ലെന്നും തന്ത്രിമാര്‍ അറിയിച്ചു. മഹസ്സര്‍ എഴുതി തയ്യാറാക്കിയത് ഉദ്യോഗസ്ഥരാണെന്നും നയപരമായ കാര്യങ്ങളിലൊന്നും തന്ത്രിമാര്‍ ഇടപെടാറില്ലെന്നും കണ്ഠരര് രാജീവരും കണ്ഠരര് മോഹനരും മൊഴി നല്‍കിയിട്ടുണ്ട്. യുവതീ പ്രവേശന സമയത്ത് അതിശക്തമായ നിലപാടെടുത്തയാളാണ് തന്ത്രി. യുവതീ പ്രവേശന സമയത്ത് ശബരിമലയിൽ ശുദ്ധിക്രിയ നടത്തിയ രാജീവരെ പരസ്യമായി പിന്തുണക്കാൻ പന്തളം രാജകുടുംബം പോലും തയ്യാറായില്ല.. അന്ന് തന്ത്രിയെ സർക്കാരിന്റെ അടിമയാക്കാനുള്ള നീക്കം അനുവദിക്കില്ലെന്നാണ് താഴമൺ കുടുംബം തീരുമാനിച്ചത്. നേരത്തെ കണ്ഠര് മോഹനരുടെ നേതൃത്വത്തിൽ കുടുംബത്തിലൊരു വിഭാഗം സർക്കാരിനൊപ്പം നിന്നെങ്കിലും പിന്നീട് ഇവർ വഴി മാറി. അന്ന് തന്ത്രിയെ പുറത്താക്കാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചു കഴിഞ്ഞു. സർക്കാരിന്റെ നേതൃത്വത്തിലെത്തിച്ച യുവതികളെ അപമാനിച്ചാൽ സർക്കാർ കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന വ്യക്തമായ സൂചനയാണ് നൽകിയിരിക്കുന്നത്. അതിന് സുപ്രീം കോടതി വിധിയെ സർക്കാർ കൂട്ടുപിടിക്കുന്നുണ്ട്. എന്നാൽ അയ്യപ്പവിശ്വാസികളായ യുവതികൾ എന്നാണ് സുപ്രീംകോടതി പറഞ്ഞത്. ശബരിമലയിലെത്തിയത് വിശ്വാസികളല്ല ആക്റ്റിവിസ്റ്റുകളാണ്. കണ്ഠര് മോഹനര് കേസിൽ പെട്ടുപ്പോൾ അദ്ദേഹത്തെ ഒഴിവാക്കിയത് ദേവസ്വം ബോർഡാണ്. അതിനെതിരെ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ബോർഡിന് അതിനുള്ള അധികാരം ഉണ്ടെന്നായിരുന്നു വിധി. രാജീവർ സുപ്രീം കോടതിക്ക് അപ്പുറമുള്ള അധികാര കേന്ദ്രമായി പ്രവർത്തിച്ചു എന്നാണ് സർക്കാരിന്റെ കണ്ടെത്തൽ. യുവതികൾ പ്രവേശിച്ചപ്പോൾ ശുദ്ധികലശം നടത്തിയ രാജീവരുടെ പ്രവൃത്തി സർക്കാർ ഗൗരവത്തേടെയാണ് കണ്ടത്. ഇതിൽ നിർബന്ധം മുഖ്യമന്ത്രിക്കായിരുന്നു. തന്ത്രിമാരെ നേരത്തെയും മാറ്റിയിട്ടുണ്ടെന്ന കടകം പള്ളിയുടെ പ്രസ്താവന അതാണ് സൂചിപ്പിച്ചത്. പി എസ് ശ്രീധരൻ പിള്ളയുടെ പാർട്ടിയുടെ ചട്ടുകമായി പ്രവർത്തിക്കുന്ന തന്ത്രിയെ ഒരു നിമിഷം പോലും വച്ചു പൊറുപ്പിക്കരുതെന്ന് മന്ത്രി ഇ.പി. ജയരാജൻ പരസ്യ പ്രസ്താവന നടത്തിയിരുന്നു. ഏതായാലും യുവതികൾ ശബരിമലയിൽ കയറിയപ്പോൾ നടയടച്ച് ശുദ്ധികലശം നടത്തിയ തന്ത്രിയോട് സർക്കാർ പകരം വീട്ടി.
https://www.facebook.com/Malayalivartha


























