ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പമ്പയിലേക്ക് പ്രത്യേക സർവീസുകളുമായി കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷൻ

ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പമ്പയിലേക്ക് പ്രത്യേക സർവീസുകളുമായി കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷൻ. മകരവിളക്കു കഴിയുന്നത് വരെ സർവീസ് തുടരും. ഐരാവത് ക്ലബ് ക്ലാസ് പ്രതിദിന സർവീസിനു പുറമേ വാരാന്ത്യങ്ങളിലും തിരക്കേറിയ ദിവസങ്ങളിലും നോൺ എസി സ്ലീപ്പർ, രാജഹംസ, സാരിഗെ എക്‌സ്പ്രസ് ബസുകളും ഓടിക്കും.
യാത്രക്കാർക്ക് ഗ്രൂപ്പ് അടിസ്ഥാനത്തിൽ ബുക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടാകും. കോൺട്രാക്ട് അടിസ്ഥാനത്തിൽ തീർത്ഥാടകർക്ക് വാഹനം നൽകും. ശബരിമല ഉത്സവ കാലം കഴിയുന്നതുവരെയാകും കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷന്റെ പ്രത്യേക സർവീസ് നടത്തുക. പ്രതിദിന ബസ് മൈസൂരു വഴിയും മറ്റുള്ളവ സേലം, പാലക്കാട് വഴിയുമാകും സർവീസ് നടത്തുക.അതിനിടെ ശബരിമല തീർഥാടനത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് ദേവസ്വം മന്ത്രി കെ മുരളീധരനും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറും പറഞ്ഞു.
മിനിറ്റിൽ 75പേരെ പതിനെട്ടാംപടി കയറ്റാനായി കഴിഞ്ഞാൽ ശബരിമലയിൽ സുഗമമായ ദർശനം സാധ്യമാകുമെന്നും ഇതിനാവശ്യമായ നിർദേശങ്ങൾ നൽകിയതായും മന്ത്രി പറഞ്ഞു.
അതേസമയം 75 ലക്ഷം ടിൻ അരവണ ലഭ്യമാക്കാനായാൽ തീർഥാടനകാലം സുഗമമായി പൂർത്തിയാക്കാൻ കഴിയും. 80 ലക്ഷം അരവണയുടെ ബഫർ സ്റ്റോക്ക് ഉറപ്പാക്കാമെന്ന് ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്. തീർഥാടന പാതകളിൽ 22 എമർജൻസി മെഡിക്കൽ സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്. പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം, ആശുപത്രികളിൽ 24 മണിക്കൂറും കാർഡിയോളജിസ്റ്റുമാരെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മണ്ഡലകാല തീർഥാടനത്തിനായി ശബരിമല നട ഇന്ന് വൈകുന്നേരം നട തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിക്കുകയും ചെയ്യും. തുടർന്ന് മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തിൽ അഗ്‌നി തെളിക്കുന്നതാണ്.
തുടർന്ന് ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടിക്ക് താഴെ കാത്തുനിൽക്കുന്ന നിയുക്ത മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തി എ ദാമോദരൻ നമ്പൂതിരിയെയും നിലവിലെ മേൽശാന്തി സോപാനത്തേക്ക് ആനയിക്കും. 6.30 ഓടെ സന്നിധാനത്തും പിന്നാലെ മാളികപ്പുറത്തും അവരോധ ചടങ്ങ് നടക്കുന്നതാണ്.
"
https://www.facebook.com/Malayalivartha

























