ബച്ച് ഗയേ... വിശ്വസിക്കാനാവാതെ ബിഗ് ബി... അമിതാഭ് ബച്ചന്റെ വീടിന് മുന്നിൽ വെടിയുതിർക്കാൻ നീക്കം, വിദേശത്തിരുന്ന് ഗൂഢാലോചന, രണ്ട് ഷാർപ്പ് ഷൂട്ടർമാർ പിടിയിൽ; രക്ഷപ്പെട്ടെന്ന് ബച്ചന്റെ കുറിപ്പ്, ജൽസയ്ക്ക് സുരക്ഷ ശക്തമാക്കി

ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനെ ലക്ഷ്യമിട്ട് വെടിവെപ്പ് നടത്താൻ ഗൂഢാലോചന. മുംബൈയിലെ താരത്തിന്റെ വസതിയായ ജൽസയ്ക്ക് മുന്നിൽ വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനായിരുന്നു പദ്ധതിയെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ആക്രമണം നടത്തുന്നതിന് മുമ്പുതന്നെ രണ്ട് ഷാർപ്പ് ഷൂട്ടർമാരെ ഡൽഹി പൊലീസ് പിടികൂടി. സംഭവവിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ 'ബച്ച് ഗയേ'... അതായത് രക്ഷപ്പെട്ടു എന്ന അർഥം വരുന്ന വാക്കുകളുമായി അമിതാഭ് ബച്ചൻ സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടതും വലിയ ചർച്ചയായിരിക്കുകയാണ്. ശരിക്കും എന്താണ് ബിഗ് ബിയെ ലക്ഷ്യമിട്ടുള്ള ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ?
ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെല്ലാണ് കേസിൽ നിർണായകമായ ഇടപെടൽ നടത്തിയത്. അറസ്റ്റിലായവരിൽ ഒരാൾ ജലന്ധർ സ്വദേശിയായ വികാസ് ഠാക്കൂർ എന്ന വിക്കിയാണ്. രണ്ടാമത്തെയാൾ പഞ്ചാബിലെ തർൺ തരൺ സ്വദേശിയായ ദീപക് സിങ് എന്ന ദീപും. വിദേശത്തിരുന്ന് പ്രവർത്തിക്കുന്ന ഒരു ഗുണ്ടാസംഘത്തിന്റെ നിർദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. ഇവരിൽ ദീപക്കിനായിരുന്നു മുംബൈയിൽ തുടരാനും അമിതാഭ് ബച്ചന്റെ വസതിക്ക് മുന്നിൽ വെടിവെപ്പ് നടത്താനുമുള്ള നിർദേശം ലഭിച്ചതെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.
എന്നാൽ ഈ ഗൂഢാലോചന പുറത്തുവന്നത് മറ്റൊരു വെടിവെപ്പ് പദ്ധതിയുടെ അന്വേഷണത്തിനിടെയാണ്. ഡൽഹിയിലെ ഒരു വ്യവസായിയെ ലക്ഷ്യമിട്ട് പണം തട്ടുന്നതിനായി വെടിവെപ്പ് നടത്താനും പദ്ധതിയുണ്ടായിരുന്നു. ഇതിനായി മുംബൈയിൽനിന്ന് ഡൽഹിയിലെത്തിയ വികാസ് ഠാക്കൂറിനെ പൊലീസ് ആദ്യം പിടികൂടി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുംബൈയിൽ ഒളിവിൽ കഴിയുകയായിരുന്ന ദീപക് സിങ്ങിനെ കണ്ടെത്തിയത്. അമൃത്സറിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മധുസൂദൻ സിങ് എന്ന മാഡ് സന്ധുവിന്റെ കൊലപാതകക്കേസിലും ദീപക്കിന് പങ്കുണ്ടെന്നാണ് ആരോപണം. ഒക്ടോബർ മൂന്നിനായിരുന്നു ഈ കൊലപാതകം.
അമിതാഭ് ബച്ചനെ എന്തിനാണ് ലക്ഷ്യമിട്ടത് എന്നതിലും പൊലീസിന് ചില സൂചനകളുണ്ട്. 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് ബച്ചൻ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ചില പരാമർശങ്ങളാണ് ഗൂഢാലോചനയ്ക്ക് പിന്നിലെ കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. എന്നാൽ അത്തരമൊരു പരാമർശം താൻ നടത്തിയിട്ടില്ലെന്ന് അമിതാഭ് ബച്ചൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ആരോപണവും അതിന്റെ പിന്നിലെ യഥാർഥ കാരണങ്ങളും അന്വേഷണത്തിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്.
അതേസമയം, ബച്ചന്റെ വീടായ ജൽസയ്ക്ക് നേരെ നേരത്തെയും ബോംബ് ഭീഷണികൾ വന്നിരുന്നു. ഒക്ടോബർ 23നും നവംബർ ആറിനും ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിന് പിന്നാലെ മുംബൈ പൊലീസ് പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിരുന്നില്ല. ഭീഷണികളെ തുടർന്ന് ആരാധകരെ കാണാനെത്തിയപ്പോഴും ബച്ചൻ ബുള്ളറ്റ് പ്രൂഫ് സുരക്ഷാ സംവിധാനത്തിനുള്ളിൽ നിന്നാണ് കൈവീശി അഭിവാദ്യം ചെയ്തത്. ഇപ്പോൾ വെടിവെപ്പ് ഗൂഢാലോചന പുറത്തുവന്നതോടെ ജൽസയ്ക്ക് മുന്നിൽ സുരക്ഷയും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
എൺപത്തിനാലാം വയസ്സിലും ആരാധകരെ കാണാൻ പതിവായി വീടിന് പുറത്തേക്കെത്തുന്ന ബിഗ് ബിയുടെ സുരക്ഷയാണ് ഇപ്പോൾ പ്രധാന ചർച്ച. ഒരു വശത്ത് ബോംബ് ഭീഷണികൾ, മറുവശത്ത് വെടിവെപ്പ് നടത്താനുള്ള ഗൂഢാലോചന. ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായ അമിതാഭ് ബച്ചനെ ലക്ഷ്യമിട്ടുള്ള നീക്കത്തിന് പിന്നിൽ ആരൊക്കെയുണ്ട്? വിദേശത്തിരുന്ന് നിർദേശങ്ങൾ നൽകിയവരിലേക്ക് പൊലീസിന് എത്താനാകുമോ? രണ്ട് പേരുടെ അറസ്റ്റോടെ ഈ ഗൂഢാലോചനയുടെ എല്ലാ കണ്ണികളും അഴിഞ്ഞുവീഴുമോ? അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha
























