ശബരിമല തീർത്ഥാടനം സുരക്ഷിതമാക്കാൻ ശരണപാതയിൽ ആരോഗ്യവകുപ്പിന്റെ വിവിധ സേവനങ്ങൾ സജ്ജം

ശബരിമല തീർത്ഥാടനം സുരക്ഷിതമാക്കാൻ ശരണപാതയിൽ ആരോഗ്യവകുപ്പിന്റെ വിവിധ സേവനങ്ങൾ സജ്ജമായി. തീർത്ഥാടന കാലയളവിൽ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം പാകം ചെയ്യുകയോ സൂക്ഷിക്കുകയോ വിതരണം ചെയ്യുകയോ ചെയ്താൽ കർശന നടപടി നേരിടേണ്ടിവരും.
ഹോട്ടലുകൾ ഉൾപ്പടെ ഭക്ഷ്യ വസ്തുക്കൾ നിർമ്മിക്കുന്ന മുഴുവൻ ആളുകൾക്കും മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് പ്രവർത്തനം തുടങ്ങി. സാംക്രമിക രോഗമുള്ളവർ ഭക്ഷണം പാചകം ചെയ്യുകയോ വിതരണം ചെയ്യുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കും.
വ്യാജ ഹെൽത്തുകാർഡുമായി എത്തുന്നവർക്കെതിരെയും നിർമ്മിക്കുന്നവർക്കെതിരെയും ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ക്രിമിനൽ നിയമ നടപടി സ്വീകരിക്കും. ഇതിനായി പൊലീസിന്റെ സഹായം തേടും. തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷയും സുരക്ഷിതത്വവും ഉറപ്പാക്കും.
നിതാന്ത ജാഗ്രതനിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങൾക്ക് പുറമെ തീർത്ഥാടകർ തങ്ങുന്ന ശരണപാതയിലെല്ലാം ആരോഗ്യ വകുപ്പ് ഇക്കുറി നിതാന്ത ജാഗ്രതയിലാണ്. തീർത്ഥാടനം തുടങ്ങും മുൻപുതന്നെ പരിശോധനകൾ തുടങ്ങി. ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ തൊഴിലാളികൾക്കായി പ്രത്യേക ട്രെയിനിംഗ് നടത്തി.
തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നേടാനായി നിലയ്ക്കൽ ആശുപത്രിയിൽ ഇത്തവണ സൗകര്യം ഒരുക്കി. പരമാവധി 500രൂപ വരെയാണ് ഇതിനായി ചെലവഴിക്കേണ്ടിവരിക. 20 വരെ നിലയ്ക്കലിൽ നിന്ന് ഹെൽത്ത് കാർഡ് ലഭിക്കും. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ആശുപത്രിയുടെ പ്രവർത്തനം ആരംഭിച്ചു. ഇന്നു മുതൽ ശരണപാതയായ നീലിമല, അപ്പാച്ചിമേട് കാർഡിയോളജി സെന്ററുകളും ചരൽമേട് താത്കാലിക ആശുപത്രിയും തുറക്കും.
പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം എന്നിവിടങ്ങളിൽ 24 മണിക്കൂറും ഫിസിഷ്യൻ, കാർഡിയോളജിസ്റ്റ്, സർജൻ , അനസ്തേഷ്യോളജിസ്റ്റ് തുടങ്ങിയ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമായിരിക്കും.
"
https://www.facebook.com/Malayalivartha

























