'ഗില്ലി'യിലെ വിജയ്യുടെ കുഞ്ഞനിയത്തി ഭുവനയ്ക്ക് വിവാഹം, 36-ാം വയസ്സിൽ കാർത്തിക്കിന് വരണമാല്യം ചാർത്തി നാൻസി ജെനിഫർ; വിവാഹ വീഡിയോകൾ വൈറൽ, ആശംസകളുമായി ആരാധകർ

'ഭുവനേ... അരിസിമൂട്ടേ...' വിജയ്യുടെ ഈ വിളി കേൾക്കുമ്പോൾ ഗില്ലി സിനിമ കണ്ടവരുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ആ കുറുമ്പുകാരി കുഞ്ഞനിയത്തിയെ ഓർമ്മയില്ലേ? വർഷങ്ങൾക്കു മുൻപ് വെള്ളിത്തിരയിൽ വിജയ്യുടെ കൈപിടിച്ച് നടന്ന ആ കൊച്ചുപെൺകുട്ടി ഇപ്പോൾ ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേക്ക് കടന്നിരിക്കുകയാണ്. ഗില്ലി സിനിമയിൽ വിജയ്യുടെ സഹോദരി ഭുവനയായി അഭിനയിച്ച് പ്രേക്ഷകരുടെ ഹൃദയം കവർന്ന നടി നാൻസി ജെനിഫർ വിവാഹിതയായി. കാർത്തിക് ആണ് വരൻ. നവംബർ 15ന് ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള ബീച്ച് റിസോർട്ടിലായിരുന്നു വിവാഹച്ചടങ്ങുകൾ. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ ആശംസാപ്രവാഹമാണ്.
ബാലതാരമായിട്ടാണ് നാൻസി സിനിമയിലെത്തിയത്. വിജയ്യും സൂര്യയും ഒന്നിച്ചഭിനയിച്ച 1997ൽ പുറത്തിറങ്ങിയ 'നേരുക്ക് നേർ' ആയിരുന്നു ആദ്യ ചിത്രം. എന്നാൽ 2004ൽ പുറത്തിറങ്ങിയ 'ഗില്ലി'യാണ് നാൻസിക്ക് വലിയ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തത്. ചിത്രത്തിൽ വിജയ് അവതരിപ്പിച്ച വേലുവിന്റെ സഹോദരി ഭുവന എന്ന കഥാപാത്രം ഇന്നും ആരാധകരുടെ മനസ്സിലുണ്ട്. വിജയ് സ്നേഹത്തോടെ ഭുവി എന്നും അരിസിമൂട്ടേ എന്നുമൊക്കെ വിളിച്ചിരുന്ന ആ കഥാപാത്രം സിനിമയുടെ വിജയത്തിനൊപ്പം ശ്രദ്ധിക്കപ്പെട്ടു. ഗില്ലിക്ക് ശേഷം നിരവധി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും നാൻസി അഭിനയിച്ചു. പിന്നീട് അഭിനയത്തിൽനിന്ന് ഇടവേളയെടുത്ത് സ്വന്തം ബിസിനസിലേക്ക് തിരിയുകയായിരുന്നു. ഇപ്പോൾ 36-ാം വയസ്സിലാണ് കാർത്തിക്കിനെ ജീവിതപങ്കാളിയാക്കി പുതിയ യാത്ര തുടങ്ങുന്നത്. ഒരുകാലത്ത് സിനിമയിൽ വിജയ്യുടെ കുഞ്ഞനിയത്തിയായി നിറഞ്ഞുനിന്ന ഭുവനയുടെ വിവാഹവാർത്തയിൽ സന്തോഷത്തിലാണ് ഗില്ലി ആരാധകർ. നാൻസിക്കും കാർത്തിക്കിനും ആശംസകൾ നേർന്ന് സിനിമാപ്രേമികളും രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























