രാമനായി രൺബീർ അത്ര പോര! പരശുരാമനായി മമ്മൂട്ടി എത്തിയിരുന്നെങ്കിൽ തകർത്തേനെ; ഹോളിവുഡ് സിനിമകളെപ്പോലും പിന്നിലാക്കി രാമായണം, ശ്രീലേഖയുടെ തുറന്നുപറച്ചിൽ

രാമനായി രൺബീർ കപൂർ അത്ര പോരാ! പരശുരാമനായി മമ്മൂട്ടി എത്തിയിരുന്നെങ്കിൽ അതൊരു ഒന്നൊന്നര പ്രകടനമായേനെ! രാമായണ സിനിമ കണ്ടിറങ്ങിയ മുൻ ഡിജിപിയും ബിജെപി നേതാവുമായ ശ്രീലേഖയുടെ അഭിപ്രായങ്ങളാണ് ഇപ്പോൾ സിനിമാ ചർച്ചകളിൽ ശ്രദ്ധ നേടുന്നത്. രാമായണത്തെക്കുറിച്ച് നേരത്തെ തന്നെ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്തിട്ടുള്ള ആളാണ് ശ്രീലേഖ. അതുകൊണ്ടുതന്നെ സിനിമയെക്കുറിച്ചുള്ള അവരുടെ വിലയിരുത്തലിനും പ്രത്യേക ശ്രദ്ധയുണ്ട്. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സിനിമയിൽ ഒരിടത്തുപോലും ബോറടിച്ചില്ലെന്നും രാമായണത്തിന്റെ കഥയോട് ചിത്രം പൂർണമായും നീതി പുലർത്തിയെന്നുമാണ് ശ്രീലേഖയുടെ അഭിപ്രായം.
സിനിമയിലെ യഷിന്റെ രാവണനെയാണ് ശ്രീലേഖ പ്രത്യേകം പ്രശംസിക്കുന്നത്. കണ്ണുകളിലൂടെയുള്ള ഭാവപ്രകടനവും അഭിനയവുമെല്ലാം ഗംഭീരമായിരുന്നുവെന്നാണ് വിലയിരുത്തൽ. സീതയായി എത്തിയ സായ് പല്ലവിയെയും ശോഭനയെയും ലക്ഷ്മണന്റെ കഥാപാത്രത്തെയും ശ്രീലേഖ അഭിനന്ദിച്ചു. എന്നാൽ രാമനായി എത്തിയ രൺബീർ കപൂറിന്റെ കാര്യത്തിൽ അഭിപ്രായം കുറച്ചുകൂടി വ്യത്യസ്തമാണ്. മറ്റു സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള രൺബീറിന് രാമന്റെ കഥാപാത്രത്തിൽ ആവശ്യമായ ഭാവങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞില്ലെന്നാണ് ശ്രീലേഖയുടെ വിമർശനം. പ്രണയം, അച്ഛനിൽ നിന്നുള്ള വേർപിരിയൽ, ദേഷ്യം തുടങ്ങിയ വികാരങ്ങൾ പ്രകടിപ്പിക്കേണ്ടിടത്തും രൺബീറിന്റെ മുഖത്ത് ശാന്തഭാവം മാത്രമായിരുന്നുവെന്നാണ് നിരീക്ഷണം.
അതേസമയം പരശുരാമനായി രൺബീർ എത്തിയ രംഗങ്ങൾ മികച്ചതായിരുന്നുവെന്നും ആ വേഷം മമ്മൂട്ടിക്ക് നൽകിയിരുന്നെങ്കിൽ കൂടുതൽ മനോഹരമായേനെ എന്നും ശ്രീലേഖ പറയുന്നു. സംഗീതത്തിൽ എ.ആർ. റഹ്മാനും ഹാൻസ് സിമ്മറും ഒരുക്കിയ പശ്ചാത്തലവും ചിത്രത്തിന്റെ ദൃശ്യവിസ്മയവുമെല്ലാം പ്രശംസിക്കപ്പെട്ടപ്പോൾ, ഹോളിവുഡ് സിനിമകൾ പോലും ഇത്ര മഹത്തായ രീതിയിൽ കണ്ടിട്ടില്ലെന്നും രാമായണം ഒഡീസിയേക്കാൾ മുകളിലാണെന്നും ശ്രീലേഖ അഭിപ്രായപ്പെട്ടു. രൺബീറിന്റെ രാമനെക്കുറിച്ചുള്ള വിമർശനവും മമ്മൂട്ടിയെക്കുറിച്ചുള്ള പരാമർശവും ആരാധകർക്കിടയിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്.
https://www.facebook.com/Malayalivartha
























