അവധിക്കാല ക്യാംപുമായി കളക്ടര്‍ രാജമാണിക്യം

നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് അവധിക്കാല പരിശീലനത്തിന് അവസരമൊരുക്കുന്ന 'മുത്തേ.. പൊന്നേ.' ക്യാംപുകള്‍ക്ക് തുടക്കം. ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യത്തിന്റെ നേതൃത്വത്തില്‍ ഫേസ്ബുക്ക് കൂട്ടായ്മയായ അന്‍പൊടു കൊച്ചി പ്രവര്‍ത്തകരാണ് ക്യാംപുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഗാന്ധിനഗര്‍ ഉദയ കോളനിയില്‍ സംഘടിപ്പിച്ച ആദ്യ ക്യാംപിന്റെ ഉദ്ഘാടനം കളക്ടര്‍ നിര്‍വഹിച്ചു. കളക്ടര്‍ക്ക് പിന്നാലെ വിജിലന്‍സ് എസ്.പി. ആര്‍. നിശാന്തിനിയും ക്യാംപില്‍ കുട്ടികളുമായി സംവദിക്കാനെത്തി.
ഉദയ കോളനിയില്‍ ക്യാംപ് വേദിയായ കോണ്‍വെന്റ് ഹാളിലേക്കെത്തിയ കളക്ടറെയും എസ്പിയെയും ഹര്‍ഷാരവത്തോടെയാണ് കുട്ടികള്‍ വരവേറ്റത്. നിലത്തിരുന്ന് ചിത്രം വരയ്ക്കുകയായിരുന്ന കുട്ടിക്കൂട്ടത്തിന് നടുവില്‍ കളക്ടറും ഇരിപ്പുറപ്പിച്ചു. ചെടിയും വീടും പൂവുമെല്ലാം കളക്ടര്‍ കടലാസില്‍ കോറിയപ്പോള്‍ കുട്ടിക്കൂട്ടത്തിന് കൗതുകം. പിന്നെ പരിചയപ്പെടല്‍. 'എന്റെ പേര് രാജമാണിക്യം, ഇവിടത്തെ കളക്ടറാണ്..'
മൂന്നു ദിവസം നീളുന്ന ക്യാംപില്‍ മികവു പുലര്‍ത്തുന്നവര്‍ക്ക് വിവിധ രംഗങ്ങളില്‍ തുടര്‍പരിശീലനത്തിന് അന്‍പൊടു കൊച്ചി അവസരം നല്‍കുമെന്ന് കളക്ടര്‍ വ്യക്തമാക്കി. ഉദയ കോളനിയ്ക്ക് പിന്നാലെ ജില്ലയിലെ മറ്റ് കോളനികളിലും പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. കലാ കായിക പരിശീലനം, വ്യക്തിത്വ വികസനം എന്നിവ ലക്ഷ്യമിടുന്ന ക്ലാസുകളും പരിപാടികളുമായാണ് ക്യാംപ് ആസൂത്രണം ചെയ്യുന്നത്. നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനസാമഗ്രികള്‍ ലഭ്യമാക്കാന്‍ മാളുകള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ പ്രത്യേക പെട്ടികള്‍ സ്ഥാപിക്കുമെന്നും കളക്ടര്‍ പറഞ്ഞു. സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് പഠനോപകരണങ്ങള്‍ പെട്ടിയിലിടാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha