കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.കെ. ജയലക്ഷ്മിക്കെതിരെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്ന മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ്. കണ്‍വെന്‍ഷന്‍ തുടങ്ങുന്നതിന് മുമ്പായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.കെ. ജയലക്ഷ്മിക്കെതിരെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം. പോസ്റ്റര്‍ വിവാദത്തില്‍ പുറത്താക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം 60 ഓളം പേരാണ് ടൗണില്‍ പ്രകടനം നടത്തിയത്. ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസിനും സിന്ദാബാദ് വിളിച്ചുകൊണ്ടുള്ള പ്രകടനത്തില്‍ ജയലക്ഷ്മിയെ പരാജയപ്പെടുത്താന്‍ ആഹ്വാനം ചെയ്തു. ജയലക്ഷ്മിക്ക് കയ്യില്‍ താമര വിരിയില്ല, കോണ്‍ഗ്രസിനെ പറ്റിച്ച, വോട്ടര്‍മാരെ വഞ്ചിച്ച ജയലക്ഷ്മിക്ക് വോട്ടില്ല തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രകടനത്തിലുയര്‍ന്നത്. ജയലക്ഷ്മി കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചശേഷം മന്ത്രിയാവുകയും, കോണ്‍ഗ്രസ് പ്രവര്‍ത്തകരെപ്പോലും അകറ്റി ആര്‍.എസ്.എസ്, ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് നിയമനങ്ങളിലും വികസനകാര്യങ്ങളിലും മുന്‍ഗണന നല്‍കിയെന്നാണ് വിമതന്‍മാരുടെ ആരോപണം. ഇത്തരത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്ററുകള്‍ ടൗണുകളില്‍ പതിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡി.സി.സി. സെക്രട്ടറി ഉള്‍പ്പടെ നാലുപേര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുകയും ചെയ്തിരുന്നു. ഇതില്‍ മൂന്നുപേരും ഇന്നലെ നടന്ന പ്രകടനത്തില്‍ പങ്കെടുത്തു. സി.എച്ച്. സുഹൈര്‍, എ.എം. നിഷാന്ത്, ദിനേശ് കൊട്ടിയൂര്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. ഇതിനിടെ മന്ത്രി പി.കെ. ജയലക്ഷ്മിക്കെതിരെ വ്യാപക പ്രചരണം നടത്താനുള്ള ഒരുക്കത്തിലാണ് വിമതപക്ഷം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളമുണ്ട, പനമരം മണ്ഡലങ്ങളില്‍ രഹസ്യയോഗങ്ങളും ചേര്‍ന്നിരുന്നു. പനമരത്ത് 40ഓളം പേരും, വെള്ളമുണ്ടയില്‍ 15ഓളം പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തതായാണ് പറയപ്പെടുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനില്‍ക്കാനും മന്ത്രിക്കെതിരെ രഹസ്യപ്രചരണം നടത്താനുമാണ് ഇവരുടെ നീക്കം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha