കൊച്ചിയില്‍ വിഷുദിനത്തില്‍ മിന്നല്‍ പരിശോധനയില്‍ വന്‍ ലഹരിവേട്ട

വിഷുദിനത്തില്‍ നഗരത്തില്‍ എക്‌സൈസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വന്‍ മയക്കുമരുന്ന് ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശി ചെളിമറ്റപ്പുറം വീട്ടില്‍ സുഹൈല്‍ റാഷിദ് (29) ആണ് എക്‌സൈസിന്റെ വലയിലായത്. ഇയാളില്‍ നിന്ന് വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന 142 ഗ്രാം എം.ഡി.എം.എയും മൂന്ന് ഗ്രാമിലധികം ഹാഷിഷ് ഓയിലും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.
കൊച്ചി പള്ളുരുത്തി ഭാഗത്തു വെച്ചാണ് പ്രതിയെ എക്‌സൈസ് സംഘം ആദ്യം തടഞ്ഞുവെച്ച് പരിശോധിച്ചത്. ഈ സമയത്ത് ഇയാളുടെ പക്കല്‍ നിന്നും 48 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ലഹരിക്കടത്തിനായി പ്രതി ഉപയോഗിച്ചിരുന്ന ഡല്‍ഹി രജിസ്‌ട്രേഷനിലുള്ള ഹോണ്ട സിറ്റി കാറും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് ലഹരിമരുന്നിന്റെ ബാക്കി ശേഖരത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
ഇടപ്പള്ളിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചായിരുന്നു സുഹൈല്‍ ലഹരി വ്യാപാരം നടത്തിയിരുന്നത്. എക്‌സൈസ് സംഘം ഈ ഹോട്ടലില്‍ നടത്തിയ വിശദമായ പരിശോധനയില്‍ 94.23 ഗ്രാം എം.ഡി.എം.എയും നാല് ഗ്രാമോളം ഹാഷിഷ് ഓയിലും കൂടി കണ്ടെടുത്തു. ആവശ്യക്കാര്‍ക്ക് മരുന്ന് തൂക്കി നല്‍കാന്‍ ഉപയോഗിച്ചിരുന്ന ഡിജിറ്റല്‍ ത്രാസ്, ഐഫോണ്‍ 17 എന്നിവയും പ്രതിയില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
മലപ്പുറത്ത് നിന്നെത്തി കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വലിയൊരു ലഹരി മാഫിയയിലെ പ്രധാന കണ്ണിയാണ് സുഹൈല്‍ എന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഇയാള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്ന മൊത്തക്കച്ചവടക്കാരെക്കുറിച്ച് എക്‌സൈസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























