ആ യാത്ര അവസാന യാത്രയായി... കാറിന്റെ ചക്രം കേടായി, മാറ്റുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കൺടെയ്നർ ലോറിയിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

ആ യാത്ര അവസാന യാത്രയായി... കാറിന്റെ ചക്രം കേടായി, മാറ്റുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കൺടെയ്നർ ലോറിയിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പാലക്കാട് അനങ്ങനടി പഞ്ചായത്തിൽ പനമണ്ണ അമ്പലവട്ടം മണിയൻതോട്ടിൽ ദിവ്യ (34), സഹോദരൻ ദീപക് (27) എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കുടുംബം സഞ്ചരിച്ച കാറിന്റെ ചക്രം കേടായതിനെ തുടർന്ന് മാറ്റിയിടുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കണ്ടെയ്നർ ലോറിയിടിച്ചാണ് അപകടം. കാറിനു പുറത്തിറങ്ങി നിന്ന് ചക്രംമാറ്റിയശേഷം കേടായ ചക്രം കാറിലേക്ക് വെയ്ക്കുകയായിരുന്നു ദീപക്. ദിവ്യ ടോർച്ച് തെളിച്ചു കാണിക്കുകയായിരുന്നു. ഇതിനിടെ ഇവരുടെ നേർക്ക് ലോറി വന്നിടിച്ചു. കാറിന്റെ പുറകിലാണ് ലോറിയിടിച്ചത്. തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം.
ഇരുവരുടെയും അച്ഛൻ രവീന്ദ്രൻ (59) അമ്മ പാർവതി (53), ദിവ്യയുടെ ഇരട്ടസഹോദരി രമ്യ (34), ദിവ്യയുടെ ഭർത്താവ് പട്ടാമ്പി ഓങ്ങല്ലൂർ കരിമ്പുള്ളി തെക്കേതിൽ വിനീത് (44), ഇവരുടെ മക്കൾ അഭിൻദേവ് (12), അഖിൽദേവ് (9), വിനീതിന്റെ അമ്മ സരോജിനി (68) എന്നിവരാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റ ഇവരെ കൃഷ്ണഗിരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
സാരമായി പരിക്കേറ്റ സരോജിനിയെ പിന്നീട് കൃഷ്ണഗിരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഗുജറാത്തിൽ ജോലിചെയ്യുകയായിരുന്ന ദീപക് അവധിക്ക് നാട്ടിലെത്തിയപ്പോഴായിരുന്നു ദുരന്തം സംഭവിച്ചത്. കുടുംബാംഗങ്ങളുമൊത്ത് ബെംഗളൂരു സന്ദർശിച്ച ശേഷം നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്.
ദിവ്യയുടെ ഭർത്താവ് വിനീത് സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുകയാണ്. ശനിയാഴ്ച രാവിലെയാണ് കുടുംബം നാട്ടിൽ നിന്ന് ബെംഗളൂരുവിലേക്ക് തിരിച്ചത്. ബെംഗളൂരുവിലെ ബന്ധുവിന്റെ താമസസ്ഥലത്തു നിന്ന് ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഘം നാട്ടിലേക്ക് തിരിച്ചത്.
"
https://www.facebook.com/Malayalivartha
























