പ്രതിശ്രുതവരന്റെ കുഴിമാടത്തിനരികില്‍ പ്രതിശ്രുത വധുവിനും അന്ത്യവിശ്രമം

പ്രതിശ്രുതവരന്റെ അപ്രതീക്ഷിത മരണത്തില്‍ മനനൊന്ത് ആത്മഹത്യ ചെയ്ത പ്രതിശ്രുത വധുവിന് പ്രതിശ്രുതവരന്റെ കുഴിമാടത്തിനരികില്‍ അന്ത്യവിശ്രമം. ബൈക്കപകടത്തിലാണ് പ്രതിശ്രുതവരന്റെ മരണം. കുമ്പള കിദൂര്‍ കുണ്ടങ്കേരടുക്കയിലെ പ്രഫുല്ലയുടെ (26) മൃതദേഹമാണ് പ്രതിശ്രുത വരനായിരുന്ന തിരുനെല്‍വേലി വള്ളിയൂര്‍ സ്വദേശി മണിയുടെ ഗ്രാമത്തിലെത്തിച്ച് സംസ്‌കരിച്ചത്. ആത്മഹത്യക്കുറിപ്പില്‍ പ്രഫുല്ല ആവശ്യപ്പെട്ടതനുസരിച്ചാണ് മണിയെ സംസ്‌കരിച്ച സ്ഥലത്തു തന്നെ സംസ്‌കരിച്ചത്. മണിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് പ്രഫുല്ല ആത്മഹത്യ ചെയ്തത്.
ബാങ്ക് ജീവനക്കാരനായിരുന്ന തിരുനെല്‍വേലി സ്വദേശി മണിയും പ്രഫുല്ലയും തമ്മിലുള്ള വിവാഹം നാല് മാസം മുന്‍പ് നിശ്ചയിച്ചിരുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങവെ ഒരു മാസം മുന്‍പ് ബൈക്ക് അപകടത്തില്‍പ്പെട്ട് മണിക്ക് ഗുരുതരമായി പരുക്കേറ്റു. ചികിത്സയിലിരിക്കെ ആശുപത്രിയില്‍ വച്ച് മണി മരിച്ചു. മണിയുടെ സംസ്‌കാര ചടങ്ങില്‍ പ്രഫുല്ലയും കുടുംബവും സംബന്ധിച്ചിരുന്നു. തിരിച്ച് കുമ്പളയിലെ വീട്ടിലെത്തിയ ശേഷം പ്രഫുല്ല മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു. ഞായറാഴ്ച വൈകിട്ടാണ് ഹാളിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ പ്രഫുല്ലയുെട മൃതദേഹം കണ്ടത്. ഈ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. കുടുംബം ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. മൃതദേഹത്തിനരികില്‍ നിന്നു കണ്ടെത്തിയ ആത്മഹത്യക്കുറിപ്പില്‍ മൃതദേഹം മണിയെ സംസ്‌കരിച്ചിടത്ത് സംസ്‌കരിക്കണമെന്ന് എഴുതിയിരുന്നു. ഇതോടെയാണ് ഇരുവീട്ടുകാരും ആലോചിച്ച് തമിഴ്‌നാട്ടിലെത്തിച്ച് സംസ്‌കരിക്കാന്‍ തീരുമാനിച്ചത്.
തിങ്കളാഴ്ച കാസര്‍കോട് നിന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം തിരുനെല്‍വേലിക്ക് കൊണ്ടുപോകുകയായിരുന്നു. പിതാവ് ജയാനന്ദ, സഹോദരന്‍ പ്രമോദ് എന്നിവരുള്‍പ്പെടെ ചേര്‍ന്നാണ് മൃതദേഹം തിരുനെല്‍വേലിക്ക് കൊണ്ടുപോയത്. തുടര്‍ന്ന് മണിയുടെ കുഴിമാടത്തിന് അരികിലായി പ്രഫുല്ലയേയും സംസ്‌കരിച്ചു. ഇരുവരുടേയും കുടുംബാംഗങ്ങളും സംസ്‌കാരത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























