നീറ്റ് ചോദ്യപേപ്പർ ചോർച്ച; രാജ്യത്തിൻ്റെ പ്രതീക്ഷകളായ വിദ്യാർത്ഥികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന തലത്തിലേക്ക് അദ്ദേഹം അധഃപതിച്ചു; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെതിരെ മന്ത്രി റോജി.എം.ജോൺ

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെതിരെ വിമർശനവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ. രാജ്യത്തിൻ്റെ പ്രതീക്ഷകളായ വിദ്യാർത്ഥികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന തലത്തിലേക്ക് അദ്ദേഹം അധഃപതിച്ചെന്ന് അദേഹം വിമർശിച്ചു.
കടുത്ത മാനസിക സമ്മർദം മൂലം പന്ത്രണ്ടോളം വിദ്യാർത്ഥികൾ കഴിഞ്ഞ ഒരു മാസകലത്തിനുള്ളിൽ ആത്മഹത്യ ചെയ്തു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്.മുൻവർഷങ്ങളിലും സമാന സാഹചര്യം ആവർത്തിക്കപ്പെട്ടു. ഈ ഘട്ടങ്ങളിലെല്ലാം വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും ആശങ്കകളെ അവഗണിക്കുന്ന സമീപനമാണ് നർമ്മേന്ദ്ര പ്രധാൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും മന്ത്രി റോജി.എം.ജോൺ കുറ്റപ്പെടുത്തി.
22 ലക്ഷത്തിലധികം വരുന്ന വിദ്യാർത്ഥികൾ ഒരു വർഷക്കാലം ഉറക്കമൊഴിച്ച് പഠിച്ച അധ്വാനമാണ് ഒറ്റരാത്രികൊണ്ട് ചില റാക്കറ്റുകൾ കേന്ദ്ര സർക്കാരിൻ്റെ പൂർണ്ണ പിന്തുണയോടെ കച്ചവടം നടത്തുന്ന സാഹചര്യം ഉണ്ടായത്.തുടർക്കഥയാവുന്ന പേപ്പർ ലീക്കുകളും,സിബിഎസ്ഇ ക്രമക്കേടുകളും ഉൾപ്പടെ വിലയിരുത്തുമ്പോൾ പരീക്ഷ മാഫിയകൾക്ക് കുട പിടിക്കുന്ന സമീപനമാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും കൂട്ടരും സ്വീകരിച്ചിരിക്കുന്നത്.
സിബിഎസ്ഇ പ്ലസ് ടു പുനർ മൂല്യനിർണ്ണയ പരീക്ഷാ ഫലം ഇന്നലെ രാത്രിയോടെയാണ് പ്രഖ്യാപിച്ചത്.മാർക്ക് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടണമെന്നാവശ്യപ്പെട്ട്
നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്ക അറിയിച്ചിതിൻ്റെ അടിസ്ഥാനത്തിൽ ആവശ്യമായ നിർദ്ദേശം നൽകിയിരുന്നു.ഇതിനെ തുടർന്നാണ് കീം പരീക്ഷാ ഫലം മാറ്റി വെച്ചത്.സംസ്ഥാന സർക്കാർ എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും അവസരം ഉറപ്പുവരുത്താനാണ് ലക്ഷ്യമിടുന്നതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോൺ പറഞ്ഞു.
https://www.facebook.com/Malayalivartha

























