കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍

എടത്തുരുത്തിയില്‍ പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍. പ്രവാസിയായ പോളിന്റെ വീട്ടില്‍ നിന്നാണ് കാറിലെത്തിയ മൂന്നംഗ സംഘം ചെടികള്‍ ചട്ടിയോടെ മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വെള്ള നിറത്തിലുള്ള ഇന്നോവ കാറിലെത്തിയ യുവാക്കളാണ് മോഷണം നടത്തിയത്. വീടുകളില്‍ നിന്നും ചെടിയുടെ കമ്പും തൈകളുമൊക്കെ എടുക്കുന്നവരെ കാണാറുണ്ട്, പക്ഷേ ഇത് വെല്‍ പ്ലാന്‍ഡ് മോഷണമാണ് നടത്തിയതെന്നാണ് വീട്ടുകാര്‍ പറയുന്നത്.
പോളും കുടുംബവും ഏറെ നാളായി വിദേശത്താണ്. ഇവിടെ ആളില്ലെന്ന് ഉറപ്പിച്ച യുവാക്കള്‍ രാത്രി കാറിലെത്തി. വാഹനം പോളിന്റെ വീടിന് മുന്നില്‍ നിന്നും ഇടവഴിയിലേക്ക് പാര്‍ക്ക് ചെയ്തു. പിന്നീട് 3 യുവാക്കള്‍ ചേര്‍ന്ന് ചെടികള്‍ ഓരോന്നായി മോഷ്ടിച്ച് കാറിലെത്തിക്കുന്നതും പിന്നീട് വാഹനവുമായി രക്ഷപ്പെടുന്നതും സിസിടിവിയില്‍ കാണാം.
വീടിന്റെ മുന്നിലും മതിലിലും വെച്ചിരുന്ന 40000 രൂപയോളം വിലവരുന്ന ചെടികളാണ് മോഷ്ടിച്ചത്. മാസ്‌ക് ധരിച്ചെത്തിയ സംഘം നേരത്തെ പ്ലാന്‍ ചെയ്ത പോലെ വേഗത്തില്‍ മോഷണം നടത്തി സ്ഥലം വിടുകയായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. സിസിടിവി ദൃശ്യങ്ങള്‍ സഹിതം വീട്ടുടമസ്ഥന്‍ പോള്‍ കൈപ്പമംഗലം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























