മൂന്ന് വയസുകാരിയുടെ മരണത്തില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു

തിരുവനന്തപുരം അമ്പൂരിയില്‍ വാഹനാപകടത്തില്‍ മൂന്നുവയസുകാരി മരിച്ച സംഭവത്തില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു. ആര്യങ്കോട് കുറ്റിയാണിക്കാട് സ്വദേശി അനുപ്രസാദിന്റെ ഭാര്യ നിഷയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. നിഷയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം. മകള്‍ ഋതുവേദ കണ്‍മുന്നില്‍ മരണപ്പെട്ടതിന് പിന്നാലെ നിഷ കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഇന്നലെ വൈകിട്ട് ആറോടെയാണ് മൂന്നുവയസുകാരി വാഹനാപകടത്തില്‍ മരിച്ചത്. അമ്പൂരി കുമ്പിച്ചല്‍കടവ് പാലത്തില്‍ വച്ചായിരുന്നു സംഭവം. കുടുംബത്തോടൊപ്പം പാലം കാണാന്‍ എത്തിയതായിരുന്നു മൂന്നുവയസുകാരി. ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഹാന്‍ഡ് ബ്രേക്കിന്റെ പ്രശ്‌നം മൂലം വാഹനം മുന്നോട്ട് ഉരുണ്ട് നീങ്ങിയാണ് അപകടമുണ്ടായത്.
കുട്ടിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഋതുവേദയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
https://www.facebook.com/Malayalivartha





















