പുറ്റിങ്ങലില്‍ നഷ്ടപരിഹാരം സ്വാഹാ !

പുറ്റിങ്ങല്‍ വെടിക്കെട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കെല്ലാം നഷ്ടപരിഹാരം ലഭിക്കില്ല. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പലര്‍ക്കും നഷ്ടപരിഹാരം നിഷേധിക്കും. 13.9 കോടി രൂപയാണ് ബുധനാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 20 കോടി രൂപ പ്രഖ്യാപിച്ചെങ്കിലും 10 കോടി മാത്രമാണ് കൊല്ലം കളക്ടര്‍ക്ക് കൈമാറിയിരിക്കുന്നത്.
പ്രധാനമായും കൊല്ലം ജില്ലാകളക്ടര്‍ ഉയര്‍ത്തുന്ന തടസവാദങ്ങളാണ് ദുരിതാശ്വാസ തുകയുടെ വിതരണത്തിന് വിഘാതമായി നില്‍ക്കുന്നത്. നിലവിലെ ചട്ടങ്ങള്‍ പ്രകാരം ഇത്രയധികം തുക വിതരണം ചെയ്യാനാവില്ലെന്നതാണ് കളക്ടറുടെ പ്രധാന തടസവാദം. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയിരുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നീര്‍ക്കോലികളും വാലുപൊക്കി തുടങ്ങികഴിഞ്ഞു. സര്‍ക്കാര്‍ ഒന്നു കരുതുമ്പോള്‍ മറ്റൊന്ന് ചിന്തിക്കുന്ന ഉദേ്യാഗസ്ഥര്‍ പ്രധാനമായും സര്‍ക്കാര്‍ പദ്ധതികളെ എങ്ങനെ തകിടം മറിക്കാമെന്നാണ് ചിന്തിക്കുന്നത്. കൊല്ലം കളക്ടര്‍ മാത്രമല്ല കളക്ടറേറ്റിലെ ഭൂരിഭാഗം ഉദേ്യാഗസ്ഥരും പരവൂര്‍ അപകടത്തില്‍ കൂടുതലും ഉന്നയിക്കുന്നത് തടസ്സവാദങ്ങളാണ്.
തിരഞ്ഞെടുപ്പ് ജ്വരം തലയ്ക്ക് പിടിച്ചതോടെ മാധ്യമങ്ങള്‍ പുറ്റിങ്ങല്‍ ദുരന്തത്തിന്റെ കാര്യം മറന്നുകഴിഞ്ഞു. ഇതും ഉദേ്യാഗസ്ഥ അട്ടിമറിക്ക് കാരണമായി. മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ വിഷയത്തില്‍ ഇടപെടാനുള്ള അവകാശം ലഭിക്കുന്നുമില്ല. ഫലത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ ശാരീരികമായും സാമ്പത്തികമായും മാനസികമായും തളര്‍ന്നു കഴിഞ്ഞു.
കേന്ദ്ര സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിക്കുമെങ്കിലും അതും സാങ്കേതികതയില്‍ കുരുങ്ങുമോ എന്നാണ് അറിയാത്തത്. പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ ബന്ധുക്കള്‍ക്കും ഇനി സാമ്പത്തിക സഹായത്തിനായി ഓഫീസുകള്‍ കയറിയിറങ്ങാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha