പ്രചരണത്തില്‍ സ്ഥാനാര്‍ത്ഥികള്‍ വ്യത്യസ്ഥ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നു, സോഷ്യല്‍ മീഡിയായില്‍ പരസ്പരം മത്സരിച്ച് സ്ഥാനാര്‍ത്ഥികളും അണികളും

ചുമരെഴുത്തും ബാനറുകള്‍ കൊണ്ടുമെല്ലാം കളര്‍ഫുള്‍ ആയി മാറിയിരിക്കുകയാണ് എല്ലാ മണ്ഡലങ്ങളും. എന്നാല്‍ മുന്‍വര്‍ഷങ്ങളിലേതില്‍ നിന്നും വ്യത്യസ്തമായ പല കാര്യങ്ങളുമുണ്ട് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍. സോഷ്യല്‍ മീഡിയയുടെ പ്രധാന സ്വാധീനം തന്നെയാണ് ഇതില്‍ ഒന്ന്. അതുകൊണ്ട് തന്നെ വളരെ ജനകീയരാകാനുള്ള പൊടിക്കൈകള്‍ പയറ്റുകയാണ് ഓരോ സ്ഥാനാര്‍ത്ഥികളും. പരിസര ശുചീകരണ കാര്യത്തിലും മരം നടലിന്റെ കാര്യത്തിലുമൊക്കെയാണ് പലര്‍ക്കും ശ്രദ്ധ. ഇങ്ങനെയുള്ള ഹരിത വാഗ്ദാനങ്ങള്‍ നല്‍കാനും സ്ഥാനാര്‍ത്ഥികള്‍ റെഡിയാണ്. ഒരു വര്‍ഷം മുമ്പ് ഹൈടെക്കായി പ്രചരണം നടത്തിയ വ്യക്തിയാണ് വി ടി ബല്‍റാം എംഎല്‍എ. സോഷ്യല്‍ മീഡിയയെ അന്ന് തന്നെ ബല്‍റാം സമര്‍ത്ഥമായി ഉപയോഗിച്ചിരുന്നു. ഫേസ്ബുക്കിലൂടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന ചോദിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ തവണ ബല്‍റാം ഹൈടെക്കായത്. പിന്നീടാണ് ആം ആദ്മി പാര്‍ട്ടി ഇത്തരമൊരു ഫണ്ട് ശേഖരണം നടത്തിയത്. ഇത്തവണയും തെരഞ്ഞെടുപ്പ് ഫണ്ട് ചോദിക്കല്‍ ഫേസ്ബുക്കിലൂടെ ആക്കിയിട്ടുണ്ട് വി ടി ബല്‍റാം. തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഭാവനകള്‍ നല്‍കാനായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ബല്‍റാം നല്‍കി കഴിഞ്ഞു.
ഇങ്ങനെ ഹൈടെക്കായ പ്രചരണം ഒരുവശത്ത് നടക്കുമ്പോള്‍ പരിസ്ഥിതിയില്‍ ഊന്നിയുള്ള വാഗ്ദാനങ്ങളാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം നല്‍കാനുള്ളത്. പലരും പ്രധാനമായും ഓഫര്‍ ചെയ്തിരിക്കുന്നത് സാമൂഹിക വനവല്‍ക്കരണമാണ്. പലരും നോമിനേഷന്‍ സമര്‍പ്പിക്കും മുമ്പ് മരം നട്ടുകൊണ്ടാണ് തുടങ്ങിയത്. സോളാറും ബാറുമൊക്കെ ഫ്‌ളാ്‌സിലേയും ഫെയ്‌സ് ബുക്കിലെയും ആരോപണങ്ങളാണെങ്കില്‍ വോട്ടര്‍മാര്‍ക്കു മുന്നില്‍ കൊടും ചൂടും പരിസ്ഥിതിയും തന്നെ വിഷയം. മണ്ണറിഞ്ഞും മനസറിഞ്ഞുമുള്ള വിഷയങ്ങള്‍ കണ്ടെത്തിയാണു സ്ഥാനാര്‍ത്ഥികള്‍ വോട്ടുതേടുന്നത്.
തോമസ് ഐസക്കും കെ.എം.ഷാജിയും മാത്രമല്ല പിണറായി വിജയനും കെ.സി. ജോസഫുമൊക്കെ മരം നട്ടുകൊണ്ടാണു പലദിവസങ്ങളിലും പ്രചാരണത്തിനു തുടക്കം കുറിക്കുന്നത്. തോമസ് ഐസക് മരം നടലിന് പുറമേ പരിസര ശുചീകരണത്തിനും പ്രാധാന്യം നല്‍കുന്നു. ആലപ്പുഴ നഗരം ശുചീകരിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണം തന്നെ തുടങ്ങിയത്.
പ്ലാവിന്‍തൈ നട്ടശേഷമായിരുന്നു തോമസ് ഐസക് പത്രിക സമര്‍പ്പണത്തിനു പോയത്. പത്രിക സമര്‍പ്പണ ദിവസം പതിനായിരം പ്ലാവിന്‍തൈ നടാനുള്ള നീക്കം എതിരാളികളുടെ പരാതിയെതുടര്‍ന്നു മുടങ്ങി. സൗജന്യ തൈവിതരണം പ്രലോഭനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. എന്നാല്‍ സൗജന്യമായല്ല, വിലകൊടുത്ത് താല്‍പര്യമുള്ളവര്‍ക്കു തൈ വാങ്ങാനുള്ള ക്രമീകരണമാണ് ഒരുക്കിയതെന്നു പിന്നീട് തോമസ് ഐസക് പ്രതികരിച്ചു.
അഞ്ചുവര്‍ഷംകൊണ്ട് ആലപ്പുഴ മണ്ഡലത്തില്‍ പത്തുലക്ഷം വൃക്ഷത്തൈ വച്ചുപിടിപ്പിക്കുമെന്നതാണ് തോമസ് ഐസക്കിന്റെ പ്രധാന വാഗ്ദാനം. തെരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കുന്ന ദിവസം 25,000 പ്ലാവിന്‍തൈകള്‍ നട്ടായിരിക്കും തങ്ങള്‍ വിജയം ആഘോഷിക്കുകയെന്നാണ് തോമസ് ഐസക്കിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. വി.ഡി. സതീശനും ശ്രേയാംസ് കുമാറും വി.ടി.ബല്‍റാമും കെ.എം.ഷാജിയും കാടുപിടിപ്പിക്കുമെന്ന വാഗ്ദാനക്കാരാണ്. ധര്‍മടം മണ്ഡലത്തിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്ലാവ്, മാവ്, സപ്പോട്ട, ലക്ഷ്മിതരു തുടങ്ങിയവ നട്ടുപിടിപ്പിച്ചാണു പിണറായി വിജയന്‍ പ്രചാരണമാരംഭിച്ചതു തന്നെ.
വേനലിനു മരങ്ങളാണു മറുപടിയെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്നു പിണറായി പറഞ്ഞത്. കാര്‍ഷിക സ്വയം പര്യാപ്തത വിളംബരം ചെയ്ത് പച്ചക്കറി വിളവെടുത്തും പാടത്ത് വെള്ളം തേവിയുമൊക്കെ മണ്ണിലേക്കും മനസിലേക്കുമിറങ്ങിയാണ് വോട്ടു പിടിത്തം. സാമൂഹിക മാദ്ധ്യമങ്ങളില്‍ ന്യൂജനറേഷനെ തൃപ്തിപ്പെടുത്തുന്ന വിഷയങ്ങളുപയോഗിച്ചും യോഗങ്ങളില്‍ രാഷ്ട്രീയ പ്രബുദ്ധത പറഞ്ഞും വിവിധ തൊഴിലിടങ്ങളില്‍ ചെന്ന് അവരിലൊരാളായി ചേര്‍ന്നുമാണ് വോട്ടഭ്യര്‍ത്ഥന.നാടന്‍ പലഹാരങ്ങളുടെ കേന്ദ്രമായ കണ്ണൂരില്‍ കിണ്ണത്തപ്പത്തിനും കലത്തപ്പത്തിനും ഭൗമ സൂചികാ പദവിയാണ് അഴീക്കോട്ടെ സ്ഥാനാര്‍ത്ഥി എം വി നികേഷ് കുമാറിന്റെ വാഗ്ദാനം. അഴീക്കോട്ടെ ശങ്കരേട്ടന്റെ കടയില്‍ കിണ്ണത്തപ്പവും കലത്തപ്പവും കഴിച്ച് ഈ വാഗ്ദാനം നല്‍കുന്ന വീഡിയോ പ്രചാരണവും നികേഷ് കുമാര്‍ നടത്തുന്നുണ്ട്. തലശേരി ബിരിയാണിയുടെ ആഗോള പ്രശസ്തിയെക്കുറിച്ചാണ് എ. പി. അബ്ദുള്ളക്കുട്ടി വാചാലനാകുന്നത്. എന്തായാലും സ്ഥാനാര്‍ത്ഥികളുടെ പ്രകൃതി സ്‌നേഹം വോട്ടര്‍മാര്‍ക്കും സന്തോഷം പകരുന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha