കാസര്‍കോട് മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തി വയോധിക ജീവനൊടുക്കി

കാസര്‍കോട് മഞ്ചേശ്വരത്ത് മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തി വയോധിക ജീവനൊടുക്കി. ടിവി തകരാറായതിന്റെ മനോവിഷമത്തില്‍ വയോധിക ജീവനൊടുക്കിയതായാണ് പ്രാധമിക നിഗമനം. കാശിമഠം ഗുഡ്ഡ സ്വദേശി പരേതനായ യോഗേശ് പ്രഭുവിന്റെ ഭാര്യ സാവിത്രി പ്രഭുവാണ് (65) മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സാവിത്രിയെ മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി പതിവുപോലെ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു അവര്‍.
ഇന്ന് രാവിലെ മകന്‍ എഴുന്നേറ്റ് നോക്കിയപ്പോഴാണ് വയോധികയെ അടുക്കളയില്‍ കത്തികരിഞ്ഞ നിലയില്‍ കണ്ടത്. ഫൈബര്‍ കസേരയിലിരുന്ന് അടുക്കളയിലുണ്ടായിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. കസേര ഉരുകി ദേഹത്ത് പറ്റിപ്പിടിച്ച് നിലത്ത് കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
സാവിത്രി രാവിലെ ആറുമണിയ്ക്ക് എഴുന്നേറ്റ് ടിവി കാണുന്നത് പതിവായിരുന്നെന്ന് മകന്‍ പറഞ്ഞു. എഴുന്നേറ്റയുടന്‍ തന്നെ ടിവി കാണാന്‍ തുടങ്ങുന്നതായിരുന്നു രീതി. എന്നാല്‍ ഇന്നലെ രാത്രിമുതല്‍ ടിവി തകരാറിലായിരുന്നു. തുടര്‍ന്ന് നന്നാക്കാനായി കൊണ്ടുപോയതായും മകന്‍ പൊലീസ് മൊഴിനല്‍കിയിട്ടുണ്ട്.
ടിവി തകരാറിലായതിന് പിന്നാലെ അമ്മയ്ക്ക് കടുത്ത മനോവിഷമമുണ്ടായിരുന്നതായും പതിവുപോലെ സംസാരിച്ചിരുന്നില്ലെന്നും മകന്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ മകന്റെ ഉള്‍പ്പെടെ വിശദമായ മൊഴി രേഖപ്പെടുത്തും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൃത്യമായ മരണകാരണം വ്യക്തമാകൂവെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























