ശബരിമല സ്പെഷ്യൽ സർവീസുകൾക്ക് വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്ന 439 ബസുകൾ പിൻവലിക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനം

വെറ്റ് ലീസ് വ്യവസ്ഥയിൽ പ്രതീക്ഷിച്ച സ്വകാര്യ ബസുകൾ കിട്ടാതായതോടെ ശബരിമല സ്പെഷ്യൽ സർവീസുകൾക്ക് വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്ന 439 ബസുകൾ പിൻവലിക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനം.
പമ്പ, പമ്പ-നിലയ്ക്കൽ സർവീസുകൾക്കായി 439 ബസുകൾ 14 മുതൽ 16 വരെ തീയതികളിലായി പമ്പയിൽ എത്തിക്കണമെന്നാണ് നിർദ്ദേശമുള്ളത്. പ്രിയദർശിനി സർവീസിനുപയോഗിക്കുന്ന നോൺ എ.സി ജെൻറം ബസുകൾ ഉൾപ്പെടെ പമ്പയിലേക്ക് അയയ്ക്കും.
തിരുവനന്തപുരത്തെ വിവിധ ഡിപ്പോകളിൽ നിന്ന് 139 നോൺ എ.സി ജെൻറം ബസുകളാണ് പിൻവലിക്കുന്നത്. മിക്കതും സ്ത്രീ സൗജന്യയാത്രയ്ക്ക് ഉപയോഗിക്കുന്നവയാണ്.
ചാത്തന്നൂർ, ചടയമംഗലം, ആറ്റിങ്ങൽ, നെയ്യാറ്റിൻകര, കിളിമാനൂർ, പൂവാർ, പാറശാല, നെയ്യാറ്റിൻകര, കാട്ടാക്കട, പേരൂർക്കട, വിഴിഞ്ഞം, വെഞ്ഞാറമൂട് തുടങ്ങിയ ഡിപ്പോകളിൽ നിന്നാണ് ജെൻറം ബസുകളെ പിൻവലിക്കുന്നത്. പമ്പ- നിലയ്ക്കൽ സർവീസുകൾക്കായാണ് ഇവ ഉപയോഗിക്കുന്നത്.
വെറ്റ്ലീസ് വ്യവസ്ഥയിൽ 200ൽ പരം ബസുകൾ ശബരിമല സ്പെഷ്യൽ സർവീസുകൾക്കായി ലഭ്യമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും 18 ബസുകളാണ് ആദ്യഘട്ടമായി ലഭ്യമായത്. 22 എണ്ണം കൂടി ലഭ്യമാക്കാനായി ധാരണയായിട്ടുണ്ട്. ശരാശരി 4500 ബസുകളാണ് കെ.എസ്.ആർ.ടി.സിയിൽ പ്രതിദിനം സർവീസ് നടത്തുന്നത്. അതിൽ 10% ബസുകൾ പിൻവലിക്കുമ്പോൾ റൂട്ടുകളിൽ യാത്ര ക്ലേശം വർദ്ധിക്കുന്നതാണ്.
https://www.facebook.com/Malayalivartha
























