തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

തെരുവ് നായകളുടെ ദയാവധത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്. മാറ്റാനാകാത്ത രോഗമുള്ള നായകളെയും ജീവന്‍ നിലനിര്‍ത്താന്‍ കഴിയാത്ത വിധത്തില്‍ ഗുരുതരമായി പരിക്കേറ്റ നായകളെയും ദയാവധത്തിന് വിധേയമാക്കാമെന്നാണ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിലുള്ളത്. കൂടാതെ പേവിഷബാധയുള്ളവയും അക്രമകാരികളായ തെരുവ് നായകളെയും ദയാവധത്തിന് വിധേയമക്കാമെന്ന് തദ്ദേശ വകുപ്പ് പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി 22/08/2026 ലെ 116/2026/LSGD
ഉത്തരവ് പ്രകാരമാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. നായകളെ യന്ത്രം ഉപയോഗിച്ച് കൊല്ലാന്‍ പാടില്ല. ഞരമ്പുകളില്‍ മരുന്ന് കുത്തിവയ്ക്കുന്ന രീതിയായിരിക്കണം പിന്തുടരേണ്ടത്. വിഷം കൊടുത്തോ, വെടിവെച്ചോ നായക്കളെ വധിക്കാന്‍ പാടില്ല. അംഗീകൃതമായ വെറ്റിനറി സര്‍ജന്‍ മാത്രമേ ഇത് ചെയ്യാവൂ. ഇതിനായി സ്‌ട്രേ ഡോഗ് മാനേജ്‌മെന്റ് കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും നിര്‍ദേശമുണ്ട്. വാര്‍ഡ് മെമ്പര്‍, വെറ്ററിനറി സര്‍ജന്‍, മെഡിക്കല്‍ ഓഫീസര്‍, എ ബി സി കേന്ദ്രത്തിന്റെ പ്രൊജക്റ്റ് ഇന്‍ചാര്‍ജ്, അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് അംഗം എന്നിവരടങ്ങുന്നതാണ് കമ്മിറ്റിയിലെ അംഗങ്ങള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ചെയര്‍പേഴ്‌സണ്‍ അധ്യക്ഷനും സെക്രട്ടറി കണ്‍വീനറും ആയിരിക്കും. യോഗം ചേരാന്‍ 7 അംഗ സമിതിയില്‍ കുറഞ്ഞത് 5 പേരെങ്കിലും വേണമെന്നും ഭൂരിപക്ഷ അംഗങ്ങളുടെ തീരുമാനം അംഗീകരിക്കുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്. ഓരോ നായയുടെയും വിവരങ്ങള്‍, പിടികൂടിയ സ്ഥലം, ഫോട്ടോ, ദയാവധം ചെയ്യാനുണ്ടായ കാരണം എന്നിവയുള്‍പ്പടെ പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കണം. ദയാവധത്തിനായി പിടികൂടുന്ന നായകളെ 2മുതല്‍ 3ദിവസം വരെ പുനരധിവാസ കേന്ദ്രത്തിലൊ ഷെല്‍ട്ടറിലൊ പാര്‍പ്പിക്കണം. ഈ സമയത്തിനുള്ളില്‍ സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ ഈ നായകളെ ഏറ്റെടുത്തു വളര്‍ത്താവുന്നതാണ്. കൂടാതെ മറ്റുനായകളുടെ മുന്നില്‍വെച്ചു ദയാവധം പാടില്ലെന്നും പിടികൂടിയ നായകളുടെ വിവരം നോട്ടീസ്‌ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha






















