25 ദിവസത്തെ ഇടവേളയില്‍ പാചകവാതകം റീഫില്‍ ബുക്ക് ചെയ്യാം; പാചകവാതക വിതരണത്തില്‍ കേന്ദ്രം പുതിയ മാറ്റം വരുത്തിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

പാചകവാതകത്തിന്റെ റീഫില്‍ ബുക്കിംഗിനുള്ള ഇടവേളയില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയതായി കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. നഗര ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കള്‍ക്കും 25 ദിവസത്തെ ഇടവേളയില്‍ റീഫില്‍ ബുക്ക് ചെയ്യാമെന്ന് മന്ത്രി അറിയിച്ചു. സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.
'മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എല്‍പിജി വിതരണത്തിലുണ്ടായ സമ്മര്‍ദ്ദം കണക്കിലെടുത്ത് നഗര മേഖലകളില്‍ 25 ദിവസവും ഗ്രാമീണ മേഖലകളില്‍ 45 ദിവസവുമായിരുന്നു റീഫില്‍ ബുക്കിംഗിനുള്ള ഇടവേള. എന്നാല്‍ നിലവിലെ എല്‍പിജി വിതരണ സാഹചര്യം മെച്ചപ്പെടുകയും റീഫില്‍ ബാക്ക്‌ലോഗ് ഗണ്യമായി കുറയുകയും ചെയ്തതോടെ കേന്ദ്ര സര്‍ക്കാര്‍ ഈ നിയന്ത്രണത്തില്‍ ഇളവ് വരുത്തിയിരിക്കുകയാണ്. ഇനി നഗര ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കള്‍ക്കും 25 ദിവസത്തെ ഇടവേളയില്‍ റീഫില്‍ ബുക്ക് ചെയ്യാം' കുറിപ്പില്‍ വ്യക്തമാക്കുന്നു.
പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ എല്‍പിജി ക്ഷാമം രൂക്ഷമായിരുന്നു. സിലിണ്ടര്‍ ലഭിക്കുന്നതിന് മാസങ്ങളുടെ കാത്തിരിപ്പ് വരെ അനുഭവിക്കേണ്ടിവന്നിരുന്നു. വിതരണത്തിന് തടസം നേരിട്ടതോടെ ഹോട്ടലുകള്‍ അടക്കമുള്ളവര്‍ വിറകടുപ്പുകളിലേക്ക് തിരിച്ചുപോയി.
https://www.facebook.com/Malayalivartha



























